kannur local

ചെലവ് നിരീക്ഷണത്തിന് അഞ്ചുതരം സ്‌ക്വാഡുകള്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച്തരം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം എന്നീ സ്‌ക്വാഡുകളും എംസിഎംസിയുമാണ് നിരീക്ഷണം നടത്തുക. ഇവയുടെ പ്രവര്‍ത്തനരീതി വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്ലാസ് നടന്നു.
അനധികൃതമായി കൊണ്ടുനടക്കുന്ന പണം, മദ്യം, സ്‌ഫോടകവസ്തുക്കള്‍ എന്നിവ കണ്ടുകെട്ടി ട്രഷറിയില്‍ ഏല്‍പ്പിക്കുകയാണ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ ജോലി. ഇതിനായി 24 മണിക്കൂറും ട്രഷറി പ്രവര്‍ത്തിക്കും. രേഖകളില്ലാതെ കൊണ്ടുപോകുന്ന 50000 രൂപയ്ക്ക് മുകളിലുള്ള തുകയാണ് കണ്ടുകെട്ടുക. അപ്പീല്‍ സമിതിക്ക് മുന്നില്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ ഇവ പിന്നീട് തിരിച്ചുനല്‍കും. നിശ്ചിത സ്ഥലങ്ങളില്‍ സ്ഥിരമായി നിന്ന് വാഹന പരിശോധനയും മറ്റും നടത്തുകയാണ് സ്റ്റാറ്റിക്കല്‍ സര്‍വയലന്‍സ് ടീമിന്റെ ജോലി. രണ്ട് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ പകര്‍ത്തും. ഫോണ്‍ മുഖാന്തിരമോ അല്ലാതെയോ ലഭ്യമാവുന്ന വിവരം അനുസരിച്ച് അരമണിക്കൂറിനകം ഫ്‌ളൈയിങ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തണം. അവര്‍ക്ക് നിശ്ചിത സമയത്തിനകം എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലമാണെങ്കില്‍ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെയോ ലോക്കല്‍ പോലിസിനെയോ ആശ്രയിക്കാം.
പൊതുയോഗം നടക്കുന്നത് പകര്‍ത്താന്‍ വീഡിയോ സര്‍വയലന്‍സ് ടീമുണ്ടാവും. കസേര, മറ്റ് ഉപകരണങ്ങള്‍, വരുന്ന വാഹനങ്ങള്‍, ആളുകള്‍ ഒക്കെ വീഡിയോയില്‍ പകര്‍ത്തി വോയ്‌സ് റിപോര്‍ട്ടോടു കൂടി ഉള്‍പ്പെടുത്തുകയാണിവരുടെ ജോലി. ഇത് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വീഡിയോ വ്യൂവിങ് ടീമുണ്ട്. ഓരോ ഇനത്തിനും ചെലവ് കണക്കാക്കുന്ന റേറ്റ് ചാര്‍ട്ടുണ്ട്. അതനുസരിച്ച് അക്കൗണ്ടിങ് ടീം നിരക്ക് നിശ്ചയിക്കും. പരസ്യങ്ങള്‍, പെയ്ഡ് ന്യൂസുകള്‍ എന്നിവ നിരീക്ഷിക്കാന്‍ എംസിഎംസി കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം നോഡല്‍ ഓഫിസര്‍ പി എം മാണി, കോര്‍ മാസ്റ്റര്‍ ട്രെയിനര്‍ ഇ സൂര്യകുമാര്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it