ചെലവ് ചുരുക്കലിന് നിര്‍ദേശങ്ങള്‍ഉണ്ടാവുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുക. പദ്ധതി ചെലവുകള്‍ വെട്ടിക്കുറച്ച് ചെലവ് ചുരുക്കലിനു—ള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണു സൂചന. ജിഎസ്ടി നടപ്പാവുകയും നികുതി അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നഷ്ടപ്പെടുകയും ചെയ്ത ശേഷമുള്ള ആദ്യ ബജറ്റാണിത്. ആയതിനാല്‍ തന്നെ നികുതി സംബന്ധിച്ച ആകാംഷയ്ക്ക് പ്രസക്തിയില്ല. സാമ്പത്തികാവലോകന റിപോര്‍ട്ട് പ്രകാരം കടത്തിന്റെ വളര്‍ച്ചാനിരക്ക് കൂടുകയും സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാനിരക്കില്‍ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ ബജറ്റിലുണ്ടാവും. നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യത്തെ മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണു പ്രതീക്ഷ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നു തോമസ് ഐസക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വായ്പയെടുക്കാന്‍ നിയന്ത്രണം കൊണ്ടുവന്നതും ജിഎസ്ടി നഷ്ടപരിഹാരം കൃത്യമായി കിട്ടാതായതും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പദ്ധതി ചെലവു കൂടിയതുമാണു ധനപ്രതിസന്ധിക്കു കാരണമായി ധന മന്ത്രി പറയുന്നത്. ഇതു മറികടക്കാന്‍ നികുതി കൂട്ടാന്‍ ജിഎസ്ടി മൂലം സംസ്ഥാനത്തിനാവില്ല. കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള വഴികളും കുറവ്. കിഫ്ബിയില്‍ കൂടുതല്‍ പദ്ധതികള്‍ വേണ്ടെന്നു നിലപാടെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കിഫ്ബി മുഖേനെയുള്ള പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പായില്ലെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം രണ്ടു ലക്ഷം കോടി രൂപയിലേക്ക് അടുക്കുന്നു. ഈ സാഹചര്യത്തില്‍ പരിമിതമായ വിഭവസമാഹരണ മാര്‍ഗങ്ങളുമായാണ് മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. 1980ല്‍ സബ്ജക്റ്റ് കമ്മിറ്റി നിലവില്‍ വന്ന ശേഷം മാര്‍ച്ച് 31നു മുമ്പ് ആദ്യമായി പൂര്‍ണ ബജറ്റ് അവതരിപ്പിച്ചത് 2004ല്‍ വക്കം പുരുഷോത്തമനാണ്.
Next Story

RELATED STORIES

Share it