kasaragod local

ചെറുവത്തൂര്‍ ടിഎച്ച്എസ് മൈതാനം പ്രവൃത്തിപൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ച നിലയില്‍

തൃക്കരിപ്പൂര്‍: അരക്കോടി രൂപാചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സ്‌കൂള്‍ മൈതാനം സംരക്ഷിക്കാന്‍ നടപടിയില്ലെന്നു പരാതി. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെയാണ് ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിന് കുറച്ചുമാസം മുമ്പ് മൈതാനമുണ്ടാക്കിയത്. എന്നാല്‍ ഇതിനാവശ്യമായ മതിലൊ, അരിക് കെട്ടലോ നടത്തിയിട്ടില്ല. അതിനാല്‍ വിശാലമായ ഈ മൈതാനിയുടെ നിലനില്‍പ്പ ഭീഷണിയിലാണ്്. പൊതുമരാമത്തു കരാറുകാരന്‍ പാതിവഴിയില്‍ പണി ഉപേക്ഷിച്ച മട്ടാണ്. 400 മീറ്റര്‍ ട്രാക്ക് ഉള്‍ക്കൊള്ളുന്ന മൈതാനമാണ് എസ്റ്റിമേറ്റിലുള്ളത്. എന്നാല്‍ ഇവിടെ നടത്തിയ ട്രാക്ക് 1.70 പോലുമില്ലെന്നാണ് ആക്ഷേപം. ചരല്‍ മണ്ണിട്ട് ഉയര്‍ത്തുകയും നിരപ്പാക്കിയ മൈതാനത്തിന്റെ അരിക് കെട്ടി സംരക്ഷണം ഉറപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദേശം പാലിച്ചില്ല. സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ കായികമേളയുടെ സംഘാടകരുടെ ആവശ്യപ്രകാരമാണ് പെട്ടെന്ന് പണി നിര്‍ത്തുന്നതെന്നാണ് കരാറുകാര്‍ മാധ്യമ പ്രവര്‍ത്തകരേ അറിയിച്ചിരുന്നത്. എന്നാല്‍ കായികമേള കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും കരാറുകാര്‍ തിരിഞ്ഞുനോക്കിയില്ല. പണി പാതിവഴിയില്‍ നിലച്ചതോടെ മൈതാനത്തിന്റെ സംരക്ഷണവും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കായിക പ്രേമികള്‍.  മഴപെയ്തുതുടങ്ങാന്‍ ഇനി ഏറെ താമസമില്ല എന്നത് കൂടി കണക്കിലെടുത്താല്‍ ലക്ഷങ്ങള്‍ ചെലവിട്ടു പണി ആരംഭിച്ച മൈതാനം കുത്തിയൊലിച്ചു ദേശീയ പാതയിലേക്ക് എത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൈതാനം ഉയര്‍ത്തിയെടുക്കാന്‍ ടെക്‌നിക്കല്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചു മാറ്റിയാണ് ചരല്‍ മണ്ണ് കൊണ്ടുവന്നത്. ഇതു പൂര്‍വ സ്ഥിതിയിലാക്കാതെയാണ് കരാറുകാരന്‍ സ്ഥലം വിട്ടത്.
Next Story

RELATED STORIES

Share it