thrissur local

ചെറുവഞ്ചിയില്‍ ഇന്‍ബോര്‍ഡ് വള്ളമിടിച്ച് തൊഴിലാളിക്ക് പരിക്ക്



ചാവക്കാട്: ചേറ്റുവ അഴിമുഖത്തിനു സമീപം ചെറുവഞ്ചിയില്‍ ഇന്‍ബോര്‍ഡ് വള്ളമിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ചെറുവഞ്ചിയില്‍ മീന്‍പിടിത്തം നടത്തുകയായിരുന്ന ചേറ്റുവ ചിപ്ലിമാട് ഞായക്കാട്ട് വേലായി(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് അപകടം. മീന്‍പിടിത്തത്തിനായി പോകുകയായിരുന്ന പുത്തന്‍കടപ്പുറത്തുനിന്നുള്ള ബിലാല്‍ വള്ളമാണ് ചെറുവഞ്ചിയില്‍ വന്നിടിച്ചത്. വഞ്ചിയുടെ മുന്‍ഭാഗത്തെ കൊമ്പ് അപകടത്തില്‍ തകര്‍ന്നു. വേലായിയും ചെറുവഞ്ചിയും ഇടിയെത്തുടര്‍ന്ന് ബിലാല്‍ വള്ളത്തിന്റെ അടിയിലേക്ക് തെറിച്ചുവീണു. പുഴയ്ക്കുമുകളിലേക്ക് പൊന്തിവന്ന വേലായിയുടെ നിലവിളികേട്ട് തൊട്ടടുത്തായി ഉണ്ടായിരുന്ന ‘ഗോകുലം’ വള്ളത്തിലെ തൊഴിലാളികള്‍ വേലായിയെ വള്ളത്തിലേക്ക് പിടിച്ചുകയറ്റി രക്ഷപ്പെടുത്തി. ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേലായിയുടെ പരിക്ക് ഗുരുതരമല്ല. അഴിമുഖത്തിനു സമീപം ചേറ്റുവപ്പുഴയിലൂടെ വള്ളങ്ങളും ബോട്ടുകളും അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും ഇത് ചെറുവഞ്ചികളില്‍ മീന്‍പിടിത്തം നടത്തുന്നവര്‍ക്ക് അപകടഭീഷണി ഉണ്ടാക്കുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. കടലോര ജാഗ്രതാസമിതിയുടെ യോഗങ്ങളില്‍ മത്സ്യബന്ധനയാനങ്ങളുടെ അമിതവേഗം നിയന്ത്രിക്കണമെന്നത് തൊഴിലാളികള്‍ പതിവായി ആവശ്യപ്പെടാറുള്ളതാണ്. അപകടമുണ്ടാക്കിയ ബിലാല്‍ വള്ളത്തിന്റെ പേരില്‍ വേലായി മുനയ്ക്കക്കടവ് തീരദേശ പോലീസിന് പരാതി നല്‍കി.
Next Story

RELATED STORIES

Share it