kannur local

ചെറുപുഴ സംഘര്‍ഷം; എട്ടു പേര്‍ അറസ്റ്റില്‍

ചെറുപുഴ: മുളപ്ര സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചിനു സമീപം ക്രൈസ്തവര്‍ക്ക് ശ്മശാനം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിനെതിരേ കക്കരക്കാവില്‍ ഭഗവതി ക്ഷേത്രം നാഗസ്ഥാന സംരക്ഷണ സമിതി ചെറുപുഴ പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റില്‍.
പ്രാപ്പൊയില്‍ മുളപ്ര സ്വദേശികളായ പുത്തൂര്‍ പടിഞ്ഞാറ്റയില്‍ ഗോകുല്‍ (21), പിലാക്കല്‍ കമലാക്ഷന്‍ (50), പി ജി പുരുഷോത്തമന്‍ (56), എം ഉദയകുമാര്‍ (39), കെ കെ വിനോദ് കുമാര്‍ (35), അജീഷ് (36), എം വി രാജന്‍, എം വി വിനോദ് (38) എന്നിവരെയാണ് പയ്യന്നൂര്‍ സിഐ പി കെ മണി അറസ്റ്റ് ചെയ്തത്.
സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന തീവ്രവാദവിരുദ്ധ സേനാംഗം പി അനു അശോകന്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ പയ്യന്നൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ പി വി ദിവാകരനെ ഇന്ന് ഓപറേഷനു വിധേയമാക്കും.
സമരത്തില്‍ പങ്കെടുത്ത് പരിക്കേറ്റ കെ വേണുഗോപാലന്‍, പ്രാപ്പൊയിലിലെ ടി വി മനു, കെ വി അശോകന്‍, ടി മോഹനന്‍, എം ചന്ദ്രന്‍ എന്നിവര്‍ ആശുപത്രിയില്‍ പോലിസ് കസ്റ്റഡിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് കക്കരക്കാവില്‍ ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകരായ ഇരുനൂറോളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരേ വധശ്രമം, അന്യായമായി സംഘംചേരല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ലാ പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ സ്ഥലം സന്ദര്‍ശിച്ചു. അതേസമയം, സമരത്തില്‍ പങ്കെടുത്തവരെ പോലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്നലെ ചെറുപുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Next Story

RELATED STORIES

Share it