kannur local

ചെറുപുഴ ടൗണില്‍ സമ്പൂര്‍ണ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കുന്നു

ചെറുപുഴ: റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചെറുപുഴ ടൗണില്‍ സമ്പൂര്‍ണ ട്രാഫിക് പരിഷ്‌കരണത്തിന് സര്‍വകക്ഷി തീരുമാനം. ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുന്ന നാട്ടുകാരുടെ ചിരകാല ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുക. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ നേരത്തെ വിളിച്ചിരുന്നെങ്കിലും തീരുമാനം നടപ്പായില്ല.
ചെറുപുഴ-പയ്യന്നൂര്‍ റോഡ്, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ചെറുപുഴയിലെ റോഡുകളുടെ പണികള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് അവസാനത്തോടെ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
തീരുമാനപ്രകാരം പയ്യന്നൂര്‍ ഭാഗത്തുനിന്നും തിരുമേനി, ആലക്കോട് ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ പ്രശാന്ത് ഹോട്ടലിന് സമീപം നിര്‍ത്തും. സ്റ്റാന്റില്‍നിന്ന് പയ്യന്നൂരിലേക്ക്് പോകുന്ന ബസ്സുകള്‍ ബൈപാസ് റോഡിലൂടെ ഫെഡറല്‍ ബാങ്കിന് സമീപം നിര്‍ത്തി യാത്രക്കാരെ കയറ്റും. ടൗണിലെ ഓട്ടോറിക്ഷാ പാര്‍ക്കിങ്് നിലവിലുള്ളതുപോലെ തുടരാനും തീരുമാനമായി. ടാക്‌സി, ബാക്ക് ഓപണ്‍ വാഹനങ്ങള്‍ നിലവിലുള്ള സ്ഥലത്തുനിന്ന് ചെറുപുഴ കുരിശുപള്ളിക്ക് സമീപത്തേക്ക് മാറ്റാനും നിര്‍ദേശമുണ്ടായി.
വ്യാപാരികള്‍ അവരുടെ വാഹനങ്ങള്‍ സ്വന്തം സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിടാന്‍ പാടില്ല. ബൈക്കുകള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്ന ആന്‍സ് ബേക്കറിക്ക് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്യണം. പാര്‍ക്കിങിന് കൂടുതല്‍ സ്ഥലം കണ്ടെത്താനും തീരുമാനിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, എം ടി പി നൂറുദ്ദീന്‍, കെ ജയദീപ്കുമാര്‍, പി സുകുമാരന്‍, ഒ എം ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it