kannur local

ചെറുപുഴ ചെക്ഡാം 21ന് നാടിന് സമര്‍പ്പിക്കും



ചെറുപുഴ: കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ ചെക്ഡാം ഈമാസം 21ന് നാടിനു സമര്‍പ്പിക്കും. വൈകീട്ട് നാലിന് സി കൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. കാര്‍ഷിക വികസനം മുന്‍നിര്‍ത്തി നിര്‍മിച്ചതാണ് ചെക്ഡാം. രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്താനുള്ള തടയണയും, നൂറുമീറ്റര്‍ നീളത്തിലുള്ള പാലവും കൂടിയുള്ളതാണിത്. നബാര്‍ഡിന്റെ സഹായത്തോടെ  ജലവിഭവ വകുപ്പ് 10 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ തടയണയില്‍ രണ്ടു കിലോമീറ്ററോളം നീളത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കും. നഅതോടെ ചെറുപുഴ മുതല്‍ പുളിങ്ങോം വരെയുള്ള ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാവും. കൂടാതെ കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കാനുള്ള ജലവും ലഭിക്കും. ഇതിനേക്കാള്‍ ഉപരി ഇതുവഴി ചെറുപുഴ ടൗണിലെത്താന്‍ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വളരെ എളുപ്പമാണ്. രണ്ടുവര്‍ഷം മുമ്പ് ഗോവ ആസ്ഥാനമായ ഡെല്‍ക്കണ്‍ എന്‍ജിനീയറിങ് കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ പി കരുണാകരന്‍ എംപി, എം രാജഗോപാല്‍ എംഎല്‍എ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it