kannur local

ചെറുപുഴ ചെക്ഡാം തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍

ചെറുപുഴ: കാര്യങ്കോട് പുഴയില്‍ നിര്‍മിച്ച ചെക്ഡാമിലെ ഷട്ടര്‍ തുറക്കാന്‍ വീണ്ടും അണിയറ നീക്കം. ചെക്ഡാമിനു താഴെ വെള്ളമില്ലെന്നു പറഞ്ഞു വാട്ടര്‍ അതോറിറ്റി അധികൃതരാണ് ഷട്ടര്‍ തുറന്നുവിടാന്‍ ശ്രമമാരംഭിച്ചത്.
ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം ഡാമില്‍ മരപ്പലകയിട്ട് വെള്ളം സംഭരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ താഴെ ഭാഗത്ത് വെള്ളമില്ലെന്നും ഷട്ടര്‍ തുറന്നുവിടണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ ജനരോഷത്തെ തുടര്‍ന്ന് അധികൃതര്‍ പിന്‍മാറുകയുണ്ടായി. ഇപ്പോള്‍ പുഴയിലെ നീരൊഴുക്ക് നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും തുറക്കാനുള്ള നീക്കം ശക്തമാക്കിയത്. ഇതിനായി വാട്ടര്‍ അതോറിറ്റി ജില്ലാ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. ചെറുകിട ജലസേചന വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള പടലപ്പിണക്കമാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. കൃഷിയാവശ്യത്തിനും ഈസ്റ്റ് എളേരി, ചെറുപുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമാണ് കാര്യങ്കോട് പുഴയില്‍ രണ്ടുവര്‍ഷം മുമ്പ് ചെക്ഡാം പണിതത്. ഇതിനായി രണ്ടുമീറ്റര്‍ ഉയരത്തില്‍ പലകയിട്ട് ജലം കെട്ടിനിര്‍ത്തി. വേനല്‍ക്കാലത്ത് മേഖലയില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടും. കൂടാതെ വെള്ളം കിട്ടാതെ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കാനാണ് ചെക്ഡാം നിര്‍മിച്ചത്. കൂടാതെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി, ചെറുപുഴ പഞ്ചായത്തിലെ ഭൂദാനം ജലനിധി പദ്ധതി, കോഴിച്ചാല്‍ ജലനിധി പദ്ധതി എന്നിവയും ഈ ചെക്ഡാമിനെ ആശ്രയിച്ചാണു നടപ്പാക്കിയത്.
ചെക്ഡാമില്‍ മരപ്പലകയിട്ടതോടെ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. ജലസംഭരണം പൂര്‍ണതോതിലായതോടെ ഷട്ടര്‍ കവിഞ്ഞു വെള്ളം താഴോട്ട് ഒഴുകിത്തുടങ്ങി. കൂടാതെ കാര്യങ്കോട് പുഴയിലും തിരുമേനി പുഴയിലും ജലവിതാനം ഉയരുകയും ചെയ്തു. സമീപത്തെ കിണറുകളും ജലസമൃദ്ധമായി. എന്നാല്‍, ചെറുപുഴ തടയണയില്‍ വെള്ളം സംഭരിച്ചതോടെ കാക്കടവില്‍ ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. ചീമേനി പഞ്ചായത്തിലെ കാക്കടവ് പുഴയില്‍ നിന്നാണ് എഴിമലയിലേക്കും രാമന്തളി പഞ്ചായത്തിലേക്കും കുടിവെള്ളം നല്‍കുന്നത്. എന്നാല്‍, ആവശ്യത്തിന് ജലം സംഭരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.



Next Story

RELATED STORIES

Share it