kannur local

ചെറുപുഴ ചെക്ഡാം തുറക്കണമെന്ന് കലക്ടര്‍; പറ്റില്ലെന്ന് നാട്ടുകാര്‍

ചെറുപുഴ: ഏഴിമല നാവിക അക്കാദമിയിലേക്ക് വെള്ളം കൊണ്ടുപോവാന്‍ കാര്യങ്കോട് പുഴയിലെ ചെക്ഡാം തുറന്നുവിടണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെറുപുഴ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ നിരവധി പേരുടെ കുടിവെള്ളം മുട്ടിച്ച് ചെക്ഡാമിലെ വെള്ളം തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ ചെറുപുഴ പഞ്ചായത്ത് ഹാളില്‍ അടിയന്തര യോഗം ചേര്‍ന്നു.
ചെക്ഡാമിലെ വെള്ളത്തെച്ചൊല്ലി ജലവിഭവ വകുപ്പും പ്രദേശവാസികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. കാര്യങ്കോട് പുഴയുടെ കാക്കടവ് ഭാഗത്തുനിന്നാണ് ഏഴിമല നാവിക അക്കാദമിയിലേക്ക് വെള്ളം കൊണ്ടുപോവുന്നത്. വേനല്‍ കടുത്തതോടെ കാക്കടവില്‍ ആവശ്യത്തിന് വെള്ളമില്ലത്രെ. അതിനാല്‍ ചെക്ഡാമിലെ തടയണ തുറക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം.
എന്നാല്‍, ഏഴു കിലോമീറ്റര്‍ അകലെയുള്ള കാക്കടവിലേക്ക് ചെറുപുഴയിലെ ചെക്ഡാം തുറന്നാലും വെള്ളമെത്തില്ലെന്നാണ് നാട്ടുകാരുടെ വാദം. ഇക്കാര്യം ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചാത്തുകളിലെ ജനപ്രതിനിധികള്‍ കലക്ടറെ ബോധ്യപ്പെടുത്തും. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടറെ തെറ്റിദ്ധരിപ്പിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. യോഗത്തില്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, ഡെന്നി കാവാലം, വി കൃഷ്ണന്‍ മാസ്റ്റര്‍, മനോജ് വടക്കേല്‍, ടോമി പുതുപ്പള്ളി, ഇ വി നാരായണന്‍, കെ ഡി അഗസ്റ്റിയന്‍, ടി എസ് സുരേഷ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it