thiruvananthapuram local

ചെറുന്നിയൂരിലെ ജലസ്രോതസ്സുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

തിരുവനന്തപുരം: ചെറുന്നിയൂരിലെ ജലസ്രോതസ്സുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ചെറുനീരുറവകളുടെ നാട് എന്നറിയപ്പെടുന്ന ചെറുന്നിയൂരിലെ കുളങ്ങള്‍, തോടുകള്‍, കായലുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയാണ് പലവിധത്തില്‍ നാമാവശേഷമാവുന്നത്.
കുന്നിടിക്കല്‍, കായല്‍കൈയേറ്റം, വയല്‍ നികത്തല്‍, തോടുകള്‍ അടച്ചു കൈവശപ്പെടുത്തല്‍ എന്നിവയൊക്കെ ഇവിടെ വ്യാപകമാണ്. ഇതുമൂലം ഇവിടെ സമൃദ്ധമായിരുന്ന കൃഷികള്‍ ഇല്ലാതാവുകയും വേനലില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ജലസ്രോതസ്സുകള്‍ പുനരുദ്ധരിക്കാനും നിലനിര്‍ത്താനുമുള്ള നടപടി അധികാരികള്‍ കൈക്കൊള്ളുന്നില്ല.
നിയമവിരുദ്ധമായി നടക്കുന്ന പ്രവൃത്തികള്‍ മൂലം പ്രദേശങ്ങളിലെ ജലസുരക്ഷയും പരിസ്ഥിതി സന്തുലിതാവസ്ഥയും തകരുകയാണ്. പുത്തന്‍കടവില്‍ വര്‍ഷങ്ങളായി സ്വകാര്യവ്യക്തികള്‍ വ്യാപക കായല്‍ കൈയേറ്റമാണ് നടത്തുന്നത്.
ഈഭാഗത്ത് കായല്‍ ക്രമേണ കരയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനകം പത്തേക്കറോളം കായലെങ്കിലും നികത്തിയിട്ടുണ്ടാകുമെന്നാണ് കണക്ക്. എലിയന്‍വിളാകം, പണയില്‍ക്കടവ്, മുടിയാക്കോട്, വെള്ളിയാഴ്ചക്കാവ് എന്നിവിടങ്ങളിലും സ്വകാര്യവ്യക്തികള്‍ കായല്‍ നികത്തിയിട്ടുണ്ട്. കായല്‍ കൈയേറി വീട് നിര്‍മിച്ചിട്ടുമുണ്ട്. പാലച്ചിറ, ദളവാപുരം ഭാഗങ്ങളില്‍ അനധികൃതമായി കുന്നിടിക്കുന്നത് തുടരുകയാണ്. പ്രദേശത്തെ ജലസ്രോതസ്സുകളുടെ തകര്‍ച്ചക്ക് ഇതും കാരണമാവുന്നു.
ലൈസന്‍സ് സംഘടിപ്പിച്ച ശേഷം അതിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചും കല്ലുവെട്ടിയും പരിസ്ഥിതിയെ ദുര്‍ബലമാക്കുന്നു. തോടുകള്‍ അടച്ചുനികത്തി സ്ഥലം കൈവശപ്പെടുത്തിയ ഭാഗങ്ങളുമുണ്ട്. കുളങ്ങള്‍ സംരക്ഷിക്കാനും നടപടികളില്ല.
അയന്തി തോട്, പാലച്ചിറ പമ്പ്ഹൗസ്, ബ്ലോക്ക് ഓഫിസ് എന്നിവയ്ക്ക് സമീപത്തെ കുളങ്ങള്‍, പുലിയത്ത് ചുണ്ടിനകം കുളം, അടവിനകം കുളം എന്നിവ നശിച്ചുകിടക്കുകയാണ്.
സംരക്ഷണഭിത്തി തകര്‍ന്നും പായലും മാലിന്യവും മൂടിയാണ് ഇവ ജനങ്ങളില്‍ നിന്നകലുന്നത്. കൊടുംവേനലില്‍ ജനം വെള്ളമില്ലാതെ അലയുമ്പോഴാണ് ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന കുളങ്ങള്‍ നാമാവശേഷമാവുന്നത്. പാലച്ചിറ ഭാഗത്ത് അനധികൃത കുഴല്‍ക്കിണറുകളും ജലചൂഷണം നടത്തുന്നു. ജലസ്രോതസ്സുകളെ നശിപ്പിക്കുന്ന എല്ലാവിധ നിയമവിരുദ്ധപ്രവൃത്തികളും ഇവിടെ നടക്കുന്നു. എന്നാല്‍ ഇതൊന്നും തടയാന്‍ ശക്തമായ നടപടികളുണ്ടാവുന്നില്ല. ഫലത്തില്‍ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് നാട്ടുകാര്‍ നേരിടുന്നത്.
Next Story

RELATED STORIES

Share it