ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറക്കല്‍; ഏകോപന കാര്യത്തില്‍ പോരായ്മകള്‍ ഏറെയെന്ന് ആക്ഷേപം

തൊടുപുഴ: എല്ലാം സുസജ്ജമെന്നു പറയുമ്പോഴും പലതിലും അത്ര സജ്ജമല്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ചെറുതോണിയുടെ ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ എറണാകുളം ജില്ലയില്‍ വെള്ളമുണ്ടാക്കുന്ന പ്രശ്‌നം എന്തായിരിക്കുമെന്നറിയാ ന്‍ ഒരു സംവിധാനവും നിലവില്‍ ഒരുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആലുവ, കളമശ്ശേരി അടക്കമുള്ള വ്യവസായമേഖലകള്‍ കടുത്ത ആശങ്കയിലാണ്.
ഇന്നലെ കളമശ്ശേരിയിലെ ഒരു വ്യവസായിക്കുണ്ടായ അനുഭവം ഉദാഹരണം. 1992ല്‍ തുറന്നുവിട്ടപ്പോള്‍ കളമശ്ശേരിയിലെ ഇദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനത്തിന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. ഇത്തവണ അങ്ങനെ സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കാനാണ് വ്യവസായി ഇടുക്കിയില്‍ ബന്ധപ്പെട്ടത്. വൈദ്യുതി ബോര്‍ഡില്‍ നിന്നു ലഭിച്ച മറുപടി ലോവര്‍പെരിയാര്‍ ഡാമിലെത്തിക്കുന്നതു വരെ മാത്രമേ തങ്ങള്‍ക്ക് ഉത്തരവാദിത്തമുള്ളൂവെന്നും പിന്നീടുള്ളത് അതത് ഡാം അധികൃതരുടെ ചുമതലയാണെന്നുമായിരുന്നു. ഇതുപ്രകാരം ഏറെ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടിട്ടും കളമശ്ശേരി ഭാഗത്ത് എത്രയടി വെള്ളം ഉയരുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. പലയിടത്തും കൃത്യമായ ഏകോപനത്തിന് സംവിധാനമായിട്ടില്ലെന്നതാണു പ്രധാന പ്രശ്‌നം. ദുരന്ത നിവാരണ കമ്മിറ്റി പ്രവര്‍ത്തനം ഏറ്റെടുത്താല്‍ അവര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കു നല്‍കാറില്ല.
ഏകോപനത്തിന്റെ പ്രശ്‌നം കഴിഞ്ഞ ദിവസം ഇടുക്കി ഡാമിന്റെ ട്രയല്‍ റണ്ണിന്റെ കാര്യത്തിലും ദൃശ്യമായി. പിആര്‍ഡി വാര്‍ത്താക്കുറിപ്പില്‍ ജില്ലാ കലക്ടറുടെ പേരിലാണ് 31ന് ട്രയല്‍ റണ്‍ നടത്തുമെന്ന് അറിയിപ്പുണ്ടായത്. ഇതു വ്യാപകമായി പ്രചരിച്ചതിനു തൊട്ടുപിന്നാലെ ട്രയല്‍ റണ്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന തിരുത്തുമായി ജില്ലാ കലക്ടറുടെ അടുത്ത പത്രക്കുറിപ്പെത്തി. അതിനിടെ ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും മറ്റും ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഡാം തുറന്നുവിട്ടെന്നാണ് ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത കൊടുത്തത്. ശ്രീലങ്കയിലെ ഒരു അണക്കെട്ട് തുറന്നുവിടുന്ന പടവും കൊടുത്തു. അതിനിടെ പ്രമുഖ വാര്‍ത്താചാനലുകള്‍ ബ്രേക്കിങ് കൊടുക്കുന്നതില്‍ മിതത്വം പാലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ വിവിധ ചാനല്‍ മേധാവികളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it