Idukki local

ചെറുതോണിയില്‍ തീപ്പിടിത്തം; ഒഴിവായത് വന്‍ദുരന്തം

ചെറുതോണി: സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയ്ക്ക് തീ പിടിച്ചു. തക്കസമയത്ത് തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. മണിയാറന്‍കുടി സ്വദേശി കൈനിക്കല്‍ സലിം നടത്തുന്ന തട്ടുകടയ്ക്കാണ് തീ പിടിച്ചത്.
പലഹാരമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റൗവില്‍നിന്ന് എണ്ണപ്പാത്രത്തിലേക്ക് തീ പടരുകയായിരുന്നു. കട പൂര്‍ണമായി  കത്തിനശിച്ചു. തൊട്ടടുത്തുളള അഹ്മദ് കബീറിന്റെ ജൗളിക്കടക്കും നാശനഷ്ടമുണ്ടായി. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിനു മുമ്പ് ഇടുക്കിയില്‍ നിന്ന് അഗ്നിശമന സേനയും പോലിസുമെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
വര്‍ഷങ്ങളായി ടൗണിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ തട്ടുകട. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പതിവുപോലെ കടതുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എണ്ണച്ചട്ടിയില്‍ നിന്ന് തീ ആളിപ്പടര്‍ന്നത്. കടയുടമ വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജൗളിക്കടയുടെ സമീപത്തേക്കും തീ പടരുകയായിരുന്നു. സദാ തിരക്കുളള പ്രധാന ജംഗ്ഷനായതിനാല്‍ ജനക്കൂട്ടം തടിച്ചുകൂടി.
സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ചെറുതോണി ടൗണില്‍ ഗതാഗതം സ്തംഭിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കടയുടമയ്ക്ക് 75,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Next Story

RELATED STORIES

Share it