Alappuzha local

ചെറുതോടില്‍ തുടങ്ങി കനാലില്‍ കലാശം

ആലപ്പുഴ: ആലപ്പുഴയിലെ കനാലുകള്‍ വീണ്ടും സുന്ദരികളാകാന്‍ ഒരുങ്ങുന്നു. ഇത്തവണ കൂടെ ചെറുതോടുകളുമുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു ഇന്നു തുടക്കമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് സൗന്ദര്യവത്കരണം.
ജലസേചനം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകള്‍ക്കൊപ്പം ആലപ്പുഴ നഗരസഭ, പുളിങ്കുന്ന് എന്‍ജിനിയറിംഗ് കോളജ് എന്നിവരുടെയും സഹകരണത്തോടുകൂടിയാണ് ശുചീകരണത്തിനു തുടക്കമിടുന്നതെന്ന് മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു കോടി  ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സിഎസ്ആര്‍ ഫണ്ട് പ്രയോജനപ്പെടുത്തും. പദ്ധതിയുടെ ആദ്യപടിയായി ആലപ്പുഴ കനാലുകളിലേക്കെത്തുന്ന ചെറുതോടുകളാണ് ശുചീകരിക്കുന്നത്. 1600 മീറ്റര്‍ വരുന്ന ചാത്തനാട് തോട് നവീകരിച്ചുകൊണ്ടാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്.
കനാലില്‍നിന്നും വാരിയെടുക്കുന്ന ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും തരംതിരിച്ച് കനാല്‍ കരയില്‍തന്നെ സൂക്ഷിക്കും. പിന്നീട് വെള്ളം വാര്‍ന്നശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിളിംഗ് ചെയ്യും. ചെളി ബണ്ട് നിര്‍മാണത്തിനു ഉപയോഗിക്കും. രണ്ടാംഘട്ടത്തില്‍ ജലമലിനീകരണം കൂടുതലായുള്ള കോളനി തോട് നവീകരിക്കും. വെള്ളത്തിന്റെ കറുപ്പുനിറവും വന്‍തോതിലുള്ള മലിനീകരണവും ഇവിടെ കൂടുതലാണ്.
ഇവിടെ സെപ്റ്റിക്ടാങ്ക് മാതൃകയില്‍ അനറോബിക് സംവിധാനത്തിലുള്ള മലിനീകരണ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കും. മൂന്നാംഘട്ടത്തില്‍ കനാലുകള്‍ക്കു ഇരുവശങ്ങളിലുമായി ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കും. ഇവ സൗന്ദര്യവത്കരണത്തിനു പുറമേ വേരുകള്‍വഴി മാലിന്യങ്ങള്‍ ഒരു പരിധിവരെ വലിച്ചെടുക്കുകയും ചെയ്യും. നാലാംഘട്ടത്തില്‍ ചെറുകനാലുകളില്‍ അരിപ്പകള്‍ സ്ഥാപിച്ചു വെള്ളം അരിച്ച് കനാലിലേക്ക് എത്തിയ്ക്കുന്ന വിധത്തില്‍ പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡ് കേന്ദ്രീകരിച്ചും ജനപ്രതിനികളെയും മറ്റും ഉള്‍ക്കൊള്ളിച്ച് ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും.
ഇവര്‍ക്കായിരിക്കും ഇതിന്റെ സംരക്ഷണ ചുമതല. കൂടാതെ നഗരസഭ കനാല്‍കരയിലുള്ള വീടുകളിലെ മാലിന്യസംസ്‌കരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പൈപ്പ് കംപോസ്റ്റ്, ബിന്നുകള്‍ എന്നിവ ഉറപ്പാക്കും. ബോധവത്കരണവും നടത്തും.
Next Story

RELATED STORIES

Share it