ചെറുകിട സമ്പാദ്യ പദ്ധതി: നിയമ ഭേദഗതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചെറുകിട സമ്പാദ്യ പദ്ധതി നിയമങ്ങളുമായി ബന്ധപ്പെട്ട അവ്യക്തത നീക്കുന്നതിന് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവരുന്നു. 1959ലെ സേവിങ് സര്‍ട്ടിഫിക്കറ്റ് ആക്ട്, 1968 ലെ പ്രോവിഡന്റ് ഫണ്ട് ആക്ട്. സര്‍ക്കാര്‍ സേവിങ് ബാങ്ക് ആകട് 1873 എന്നിവ ഏകോപിപ്പിക്കണമെന്ന ബജറ്റ് നിര്‍ദേശം നടപ്പാക്കാനാണ് കേന്ദ്ര നീക്കം. എന്നാല്‍, നിയമ ഭേദഗതി പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് എന്നിവയടക്കമുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിലോ നികുതി ഘടനയിലോ മാറ്റം വരുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കാലാവധിയെത്താത്ത പിപിഎഫ് നിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യാവുന്ന തരത്തിലും, നിക്ഷപകര്‍ക്ക് നിലവില്‍ ലഭിക്കുന്ന എല്ലാ ഗുണങ്ങളും തുടര്‍ന്നു ലഭ്യമാവുന്ന രീതിയിലുമാണ് പുതിയ നിര്‍ദേശങ്ങള്‍. ഇതുപ്രകാരം ഇത്തരം നിക്ഷേപങ്ങള്‍ മെഡിക്കല്‍, വിദ്യഭ്യാസ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാനാവും. ഇതിനു പുറമേ കുട്ടികളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സേവിങ്ങ് എന്നിവയും പുതിയ നിയമത്തില്‍ ഉള്‍പ്പെടും. കൂടാെത നോമിനി സംബന്ധിച്ച വ്യവസ്ഥകളും കൂടുതല്‍ വ്യക്തമായി നിര്‍വചിക്കാന്‍ പുതിയ നിയമത്തിനു കഴിയും. ചെറുകിട നിക്ഷേപങ്ങള്‍ പലതും വിവിധ നിയമങ്ങള്‍ക്ക് കീഴിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇവ സംബന്ധിച്ച പദ്ധതികളും നിര്‍ദേശങ്ങളും മനസ്സിലാക്കുന്നതിന് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ നീക്കി നടപടികള്‍ എളുപ്പമാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.



Next Story

RELATED STORIES

Share it