palakkad local

ചെറുകിട മല്‍സ്യ വ്യാപാരികള്‍ പ്രതിസന്ധിയില്‍

പാലക്കാട്: ഗ്രാമപ്രദേശങ്ങളിലെ ചെറുകിട മല്‍സ്യക്കച്ചവടം അനുദിനം കുറഞ്ഞ് വന്നതോടെ വ്യാപാരികള്‍ ദുരിതത്തിലാവുന്നു. ചെറുമല്‍സ്യങ്ങളായ അയല, മത്തി, മാന്തള്‍ തുടങ്ങിയവയുടേതുള്‍പ്പടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മല്‍സ്യങ്ങള്‍ക്കെല്ലാം രണ്ടിരട്ടിയോളമാണ് വില വര്‍ദ്ധിച്ചത്. എന്നാല്‍ ഇതിനനുസരിച്ചുള്ള ലാഭം ചെറുകിട വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല. ഗുണനിലവാരത്തിലെ തകര്‍ച്ചയാണ് വിപണിയെ കാര്യമായി ബാധിച്ചിട്ടുള്ളത്.
സാധാരണക്കാരായ ഗ്രാമവാസികളുടെ നിത്യേനയുടെ ഉപഭോഗം ഇപ്പോള്‍ കുത്തനെ കുറഞ്ഞിട്ടുണ്ട്. കിലോക്ക് അമ്പത് രൂപ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ചെറു മല്‍സ്യങ്ങള്‍ക്കെല്ലാം രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറ്റിയമ്പതും ഇരുനൂറും രൂപ ആയിട്ടുള്ളത്. വലിയ തുക നല്‍കി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നല്ല മല്‍സ്യം ലഭിക്കുന്നുമില്ല. ഇത് കാരണം കച്ചവടക്കാര്‍ ഇപ്പോള്‍ പല ദിവസവും മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം കൊണ്ട് വരുന്നതിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുണ്ട്. പല കച്ചവടക്കാരും തൊഴില്‍ തന്നെ ഉപേക്ഷിച്ച നിലയിലാണ്.
പഴക്കം ചെന്നതും കേട് വരാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ മല്‍സ്യമാണ് കൂടുതലും മാര്‍ക്കറ്റില്‍ എത്തുന്നത്. എക്കാലത്തും രുചികരമായി കഴിക്കാന്‍ ലഭ്യമായിരുന്ന മത്തിയും അയലയും ഉള്‍പ്പടെയുള്ളവയുടേയും ഗുണനിലവാരം നന്നേ കുറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് മാര്‍ക്കറ്റിലെ വിതരണ കേന്ദ്രത്തിലെ ചൂഷണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തൂക്കക്കുറവാണ് ഏറ്റവും വലിയ പ്രശ്‌നമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
25 കിലോ മല്‍സ്യം എന്ന് എഴുതി വെച്ച ഒരു പെട്ടിയില്‍ മിക്കവാറും 20 കിലോ പോലും തികയാറില്ലത്രെ. ലോറിയില്‍ നിന്നും താഴെയിറക്കുന്ന സമയത്ത് തന്നെ ചില ലോഡിങ് തൊഴിലാളികള്‍ ഇവര്‍ക്കുള്ള പങ്കെന്ന് പറഞ്ഞ് ചെറുമല്‍സ്യങ്ങള്‍ എടുക്കും. ഒരു പെട്ടി എടുത്ത് ഓട്ടോ ഗൂഡ്‌സില്‍ എത്തിക്കാന്‍ 18 രൂപയാണ് കച്ചവടക്കാര്‍ കെട്ടിവെക്കുന്നത്.
ഇത് കൂടാതെ മിക്ക തൊഴിലാളികളും ചായക്കാശ് എന്ന പേരില്‍ ഒരോ പെട്ടിക്കും 10 രൂപ വാങ്ങാറുമുണ്ടെന്നും ഇവര്‍ പറഞ്ഞു. തൂക്കക്കുറവിനു പുറമെ 30 രൂപയോളം ഒരു പെട്ടിക്ക് നല്‍കേണ്ട അവസ്ഥായാണ്. വളരെ അപൂര്‍വ്വമായി മാത്രമേ തൂക്കക്കുറവിന് കമ്മീഷന്‍ ഏജന്റുമാര്‍ നഷ്ടപരിഹാരം നല്‍കാറുള്ളൂ. അന്തിയോളം ഓട്ടോയും മൊപ്പഡും ഓടിച്ച് നടക്കുന്ന കച്ചവടക്കാരന് എണ്ണക്കൂലിയും വാടകയും കഴിച്ചാല്‍ പിന്നെ അദ്ധ്വാനം മാത്രമാണ് ബാക്കിയുള്ളത്. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി മാര്‍ക്കറ്റില്‍ നിന്നും നല്‍കുന്ന മീന്‍ ഗ്രാമപ്രദേശങ്ങളിലെ വീടുകളില്‍ എത്തിക്കുമ്പോള്‍ ഇപ്പോള്‍ മിക്കവരും മല്‍സ്യം ഗുണമില്ലെന്ന് പറഞ്ഞ് മടക്കുകയുമാണ്. വലിയ മല്‍സ്യങ്ങള്‍ക്ക് തീവിലയായതിനാല്‍ ലൈന്‍ കച്ചവടക്കാര്‍ പൊതുവെ ചെറിയ മല്‍സ്യങ്ങളാണ് വില്‍ക്കാറുള്ളത്. ദിനവും എട്ടും പത്തും പെട്ടി മല്‍സ്യം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നെണ്ണം പോലും വിറ്റഴിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇവര്‍.
Next Story

RELATED STORIES

Share it