Districts

ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ച് കോടിയേരി; എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം/കൊല്ലം: ചെറിയാന്‍ ഫിലിപ്പിനെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. ചെറിയാന്‍ ഫിലിപ്പ് സ്ത്രീവിരോധി ആണെന്നു കരുതുന്നില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കോണ്‍ഗ്രസ്സിലെ ഉള്ളറരഹസ്യങ്ങള്‍ അറിയാവുന്ന ആളാണ് ചെറിയാന്‍ ഫിലിപ്പ്.പക്ഷേ, എന്തടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേയ്ബുക്ക് പോസ്റ്റ് കണ്ടശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഎസിനെയും പാര്‍ട്ടിയെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ട. ആര്‍എസ്പി തെറ്റുതിരുത്തി തിരികെവന്നാല്‍ എല്‍ഡിഎഫില്‍ ചേര്‍ക്കുന്ന കാര്യം ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, ചെറിയാന്‍ ഫിലിപ്പിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം സംസ്‌കാരശൂന്യമെന്ന് വി എസ് പറഞ്ഞു. പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അതു പറഞ്ഞവരുടെ സംസ്‌കാരത്തെയാണു കാണിക്കുന്നതെന്നും വി എസ് പറഞ്ഞു. സിപിഎം സഹയാത്രിക സുജ സൂസന്‍ ജോര്‍ജും പോസ്റ്റിനെതിരേ രംഗത്തെത്തി. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന പോസ്റ്റ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it