ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി: ഗഹനമായ പാണ്ഡിത്യത്തിനുടമ

കെ പി ഒ  റഹ്്മത്തുല്ല
മലപ്പുറം: കേരളത്തിലെ മുസ്‌ലിം ചിന്തകരില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായിരുന്നു ഇന്നലെ വിടപറഞ്ഞ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി. സൂക്ഷ്മമായ അപഗ്രഥനങ്ങളും പക്വമായ വാക്കുകളും സൗമ്യമായ പെരുമാറ്റവും വഴി മാതൃകാ യോഗ്യനായ പണ്ഡിതനായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, പ്രഭാഷകന്‍, ഖത്തീബ്, ബഹുഭാഷാ പണ്ഡിതന്‍, വിവര്‍ത്തകന്‍, മധ്യസ്ഥന്‍- ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. പറപ്പൂര്‍ കുഞ്ഞിമുഹമ്മദ് മദനിയുമായി ചേര്‍ന്ന് എഴുതിയ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷയും ഇസ്്‌ലാം നാലു വാള്യങ്ങളില്‍ എന്ന ഗ്രന്ഥവും ഏറെ പ്രസിദ്ധമാണ്. മുത്താണിക്കാട്ടെ ഹൈദര്‍ മുസ്‌ല്യാരുടെ മകനായി ജനിച്ച ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി കേരളം മുഴുവന്‍ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. ദര്‍സുകളിലൂടെയാണ് അദ്ദേഹം മതത്തിന്റെ ബാലപാഠം അഭ്യസിച്ചത്.
പറവന്നൂര്‍, ചെറിയമുണ്ടം, വളവന്നൂര്‍, നടുവിലങ്ങാടി, പൊന്മുണ്ടം, കോരങ്ങത്ത് ദര്‍സുകളില്‍ പഠിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്നു മദനി  ബിരുദം നേടിയ ശേഷം അറബി അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്വന്തം പരിശ്രമത്തിലൂടെ അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യം നേടിയെടുത്തിരുന്നു. ശബാബ് വാരികയുടെ മുഖ്യപത്രാധിപരായും സ്‌നേഹസംവാദം പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിവിധ സ്‌കൂളുകള്‍ക്കു പുറമെ വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജിലും പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജിലും പുളിക്കല്‍ ജാമിഅ സലഫിയ്യയിലും അധ്യാപകനായും ജോലി നോക്കി.
പുസ്തക രചനയിലായിരുന്നു അബ്ദുല്‍ ഹമീദ് മദനി ഏറെ ശോഭിച്ചത്. ഖുര്‍ആന്‍ പരിഭാഷ, ഇസ്്‌ലാം നാലു വാള്യങ്ങളില്‍ (ചീഫ് എഡിറ്റര്‍), ആരോഗ്യത്തിന്റെ ദൈവശാസ്ത്രം, അല്ലാമാ യൂസുഫലിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം, മതം നവോത്ഥാനം പ്രതിരോധം, സൂഫീമാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും, ദൈവികഗ്രന്ഥവും മനുഷ്യചരിത്രവും, ഖുര്‍ആനും യുക്തിവാദവും തുടങ്ങി 25ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരൂര്‍ മസ്ജിദു തൗഹീദിലും കോഴിക്കോട് പട്ടാളപ്പള്ളിയിലും ദീര്‍ഘകാലം ഖത്തീബായിരുന്നു.
മുജാഹിദ് സംഘടനയില്‍  പിളര്‍പ്പുണ്ടായപ്പോള്‍ ഇരു വിഭാഗത്തിലും പെടാതെ നിഷ്പക്ഷനായി നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തത്. രണ്ടു വിഭാഗത്തിന്റെയും സംസ്ഥാന സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാന്‍ തയ്യാറായിരുന്നില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് ഒഴിവാക്കാന്‍ ആദ്യഘട്ടത്തില്‍ രൂപീകരിച്ച അഞ്ചംഗ മധ്യസ്ഥ സമിതി അംഗമായിരുന്നു. ഖുര്‍ആന്‍ ശാസ്ത്ര വിഷയങ്ങളി ല്‍ ആഗാധ പണ്ഡിതനായിരുന്ന അദ്ദേഹം ഖുര്‍ആന്‍ ശാസ്ത്ര സെമിനാറുകളില്‍ പ്രധാന പ്രഭാഷകനായിരുന്നു.
വിജ്ഞാനം, വിനയം, വിവേകം എന്നിവയെല്ലാം സമഞ്ജസമായി സമ്മേളിച്ച വലിയ മനുഷ്യനായിരുന്നു മദനി എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഏതു വിഷയത്തിലും സൂക്ഷ്മവും കണിശവും പ്രമാണബദ്ധവുമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഫത്‌വകള്‍ സൂക്ഷ്മതയോടെ നല്‍കിയിരുന്നു. ഉറച്ച മുജാഹിദ് ആശയക്കാരനായിരുന്നെങ്കിലും മുസ്‌ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തി. ശരീഅത്ത് വിവാദ കാലത്ത് ഇസ്്‌ലാമിക സംരക്ഷണത്തിനായി ശക്തമായി രംഗത്തുവന്നു. ഒരിക്കല്‍ ഇടപഴകിയവര്‍ക്കൊക്കെ നല്ല ഓര്‍മക ള്‍ മാത്രം ബാക്കിവച്ചു കൊണ്ടാണ് ചെറിയമുണ്ടം കടന്നു പോയിരിക്കുന്നത്.
Next Story

RELATED STORIES

Share it