Flash News

ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു
X

കാസര്‍കോട്: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്്‌ലിം ലീഗ് സംസ്ഥാന ഖജാഞ്ചിയുമായ ചെര്‍ക്കളം അബ്ദുല്ല (76) അന്തരിച്ചു.
കാസര്‍കോട് ചെര്‍ക്കളയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം.
ഏതാനും നാളുകളായി മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സ്വന്തം ആഗ്രഹപ്രകാരം വ്യാഴാഴ്ച വീട്ടിലേക്ക് മാറ്റുകയായിരുന്നു.
1987, 1991, 1996, 2001 കാലയളവില്‍ മഞ്ചേശ്വരം മണ്ഡലത്തേ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 19 വര്‍ഷം എംഎല്‍എയായിരുന്നു. 2001ലെ എ കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായി. 2004ല്‍ മന്ത്രി സ്ഥാനത്ത് നിന്ന് പാര്‍ട്ടി നേതൃത്വം മാറ്റുകയായിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് സിപിഎമ്മിലെ അഡ്വ.സി എച്ച് കുഞ്ഞമ്പുവിനോട് 4829 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അരനൂറ്റാണ്ടിലേറെക്കാലമായി മുസ്്‌ലിം ലീഗിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്്‌ലിം ലീഗ് ജോയിന്റ് സെക്രട്ടറിയായിരുന്നു. 1984ല്‍ കാസര്‍കോട് ജില്ല രുപീകരിച്ചപ്പോള്‍ നിലവില്‍ വന്ന ജില്ലാ മുസ്്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി. 2002 മുതല്‍ 2017 വരേ മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും 2018ല്‍ ലീഗ് സംസ്ഥാന ഖജാഞ്ചിയായും തിരഞ്ഞെടുക്കപ്പെട്ടു. എസ്ടിയു സംസ്ഥാന പ്രസിഡന്റായിരുന്നു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍, മുസ്്‌ലിം ലീഗ് ദേശീയ പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദ് കോയ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് എജ്യുക്കേഷന്‍ ചെയര്‍മാന്‍, കാസര്‍കോട് മുസ്്‌ലിം എജ്യുക്കേഷന്‍ ട്രസ്റ്റ് ട്രസ്റ്റി, ടി ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്്‌ലിം ചാരിറ്റബിള്‍ സെന്റര്‍ ചെയര്‍മാന്‍, ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, മഞ്ചേശ്വരം ഓര്‍ഫനേജ് കമ്മിറ്റി ചെയര്‍മാന്‍, ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷന്‍ പ്രഥമ ചെയര്‍മാന്‍, കാസര്‍കോട് വ്യു സായാഹ്ന പത്രാധിപര്‍, മുംബൈ, ബംഗളൂരു കെഎംസിസി കോ-ഓഡിനേറ്റര്‍ തുടങ്ങി നിലകളില്‍ പ്രവര്‍ത്തിച്ചു. മലയാളം, കന്നഡ, തുളു, ഉര്‍ദു, അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു.

പിതാവ്: പരേതനായ ബാരിക്കാട് മുഹമ്മദ് ഹാജി. മാതാവ് പരേതയായ മൊഗ്രാല്‍ ആസ്യമ്മ. ഭാര്യ. ആയിഷ (ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) മക്കള്‍: മെഹറുന്നിസ, മുംതാസ് സമീറ (കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം, വനിതാ ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി), സി എ മുഹമ്മദ് നാസര്‍ (മിനറല്‍ വാട്ടര്‍ കമ്പനി, സലാല, ഒമാന്‍), സി എ അഹമ്മദ് കബീര്‍ (എംഎസ്എഫ് കാസര്‍കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി). മരുമക്കള്‍: എ പി അബ്ദുല്‍ ഖാദര്‍ (പൊമോന എക്‌സ്‌പോര്‍ട്ടേഴ്‌സ് കമ്പനി മുംബൈ), അഡ്വ.അബ്ദുല്‍ മജീദ് (ദുബയ്) നുസ്രത്ത് നിസ (ചാവക്കാട്), ജസീമ ജാസ്മിന്‍ (ബേവിഞ്ച). സഹോദരങ്ങള്‍: ചെര്‍ക്കളം അബൂബക്കര്‍, ബീവി, പരേതരായ അഹമദ് കപാടിയ, അബ്ദുല്‍ ഖാദര്‍, നഫീസ.
ഖബറടക്കം ഇന്നു വൈകീട്ട് ആറുമണിക്ക് ചെര്‍ക്കളയിലെ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story

RELATED STORIES

Share it