malappuram local

ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ രാജിവച്ചു; ഭരണം പിടിക്കാന്‍ മുന്നണികള്‍

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി,വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ എന്നിവര്‍ രാജിവച്ചു. ഇടത് മുന്നണി-കോണ്‍ഗ്രസ് സംഘ്യത്തില്‍ രൂപീകരിച്ച മതേതര വികസന മുന്നണി അധികാരത്തിലേറിയ സമയത്തുണ്ടാക്കിയ ധാരണ അനുസരിച്ചാണ് രാജി. ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസ് ചെയര്‍മാനും, സിപിഎം വൈസ് ചെയര്‍പേഴ്‌സണും, തുടര്‍ന്നുളള മൂന്നു വര്‍ഷം സിപിഎം ചെയര്‍മാനും, കോണ്‍ഗ്രസ് വൈസ് ചെയര്‍പേഴ്‌സണുമാവുമെന്നതായിരുന്ന ധാരണ. കഴിഞ്ഞ നവംബര്‍ 18നു ധാരണ പ്രകാരമുളള രണ്ടു വര്‍ഷത്തെ കോണ്‍ഗ്രസിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇന്നലെ നഗരസൗന്ദര്യവല്‍ക്കരണം, സിസിടിവി സ്ഥാപിക്കല്‍,നഗരസഭയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിച്ചതിന് ശേഷമാണ് ഇരുവരും രാജി സെക്രട്ടറിക്ക് കൈമാറിയത്.15 ദിവസം വരെ വിഷയത്തില്‍ ആക്ഷേപം ഉന്നയിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.തുടര്‍ന്നായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക.അതുവരെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ കെ അബ്ദുള്‍ സമദിനായിരിക്കും ചെയര്‍മാന്റെ ചുമതല. കൊണ്ടോട്ടി നഗരസഭയില്‍ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ രൂപീകരണം സംജാതമായി.കോണ്‍ഗ്രസ്-ഇടത് നേതൃത്വത്തിലുളള മതേതര വികസന മുന്നണിയാണു രണ്ടുവര്‍ഷമായി നഗരസഭ ഭരിക്കുന്നത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ മാറാനായി രാജിവച്ചതാണെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇനി സി പിഎം ചെയര്‍മാനെ പിന്തുണക്കാനാവുമോ എന്നാണു പുതിയ ചോദ്യം.
Next Story

RELATED STORIES

Share it