ചെയര്‍മാന്‍ രാജിവച്ചൊഴിഞ്ഞു; പ്രഥമ കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് അകാലചരമം

സി എ സജീവന്‍

തൊടുപുഴ: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിവിവര ശേഖരണ സംവിധാനം സമഗ്രവും ആധികാരികവുമാക്കുന്നതിന് രൂപീകരിച്ച പ്രഥമ കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് (കെഎസ്എസ്‌സി) അകാലചരമം. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറലിന്റെ നിസ്സഹകരണം മൂലം പ്രവര്‍ത്തിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എ എം മത്തായി സ്ഥാനം രാജിവച്ചു. ഒരു വര്‍ഷത്തിലേറെ ഔദ്യോഗിക കാലാവധി ബാക്കിനില്‍ക്കേയാണ് കെഎസ്എസ്‌സി ചെയര്‍മാന്‍ രാജിവച്ചത്.
കമ്മീഷന് ആവശ്യമായ ജീവനക്കാരെ പിന്‍വലിച്ചതോടെ പ്രവര്‍ത്തനം നിലച്ചനിലയിലായിരുന്നു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ ജനറലിന്റെ സഹകരണമില്ലാത്തതിനാല്‍ കമ്മീഷന് പ്രവര്‍ത്തനം മുന്നോട്ടുകൊ ണ്ടുപോവാനുള്ള സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നേരത്തേ കത്ത് നല്‍കിയിരുന്നു. ഇടതുമുന്നണി അധികാരത്തിലെത്തി ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഇടപെട്ടു പരിഹാരമുണ്ടാക്കിയിരു ന്നു. കമ്മീഷന്‍ സെക്രട്ടറിയുടെ ചുമതലയില്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ഓഫിസ് കാര്യങ്ങള്‍ക്കായി ഒരു റിസര്‍ച്ച് ഓഫിസറെയും മൂന്ന് ഓഫിസ് ജീവനക്കാരെയും നല്‍കി. തുടര്‍ന്ന്, കമ്മീഷന്‍ എട്ടു ജില്ലകളില്‍ സിറ്റിങ് നടത്തി. എന്യൂമറേറ്റര്‍മാരടക്കമുള്ള വകുപ്പിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും നിലവിലെ സ്ഥിതിവിവര ശേഖരണ പ്രക്രിയകളുടെ പോരായ്മകളും ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങളും മനസ്സിലാക്കി ഇതുസംബന്ധിച്ച റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. അദ്ദേഹം അതിന്മേല്‍ നടപടിയെടുക്കുകയും ചെയ്തു. ഏതാനും ഇനങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ഇതിനിടെ, കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി നല്‍കിയ ജീവനക്കാരെ ഡയറക്ടര്‍ ജനറല്‍ പിന്‍വലിച്ചു. ഇതോടെ, ആറു ജില്ലകളിലെ സിറ്റിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങളും മുടങ്ങി. ഇതേത്തുടര്‍ന്ന്, കമ്മീഷന്‍ വീ ണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. കമ്മീഷന് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നു നിര്‍ദേശിച്ചു മുഖ്യമന്ത്രി കത്തും നല്‍കി. എന്നാല്‍, ആ കത്തിന്മേല്‍ യാതൊരു നടപടിയും ഡയറക്ടര്‍ ജനറല്‍ സ്വീകരിച്ചില്ല. തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നു കാട്ടി ഡയറക്ടര്‍ ജനറലിനെതിരേ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കിയതെന്ന് എ എം മത്തായി തേജസിനോട് പറഞ്ഞു.
യൂനിവേഴ്‌സിറ്റി പ്രഫസറായതിനാല്‍ ഹോണറേറിയത്തിന് അര്‍ഹതയില്ലെന്നു പറഞ്ഞ് കമ്മീഷന്‍ അംഗമായ ഡോ. അച്യുത് ശങ്കറിനെ അപമാനിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ശ്രമിച്ചു. തുടര്‍ന്ന്, അദ്ദേഹം ആദ്യ യോഗത്തില്‍ തന്നെ രാജി നല്‍കുന്ന നിലയുണ്ടായി. പിന്നീട് ഏറെ നിര്‍ബന്ധിച്ച ശേഷമാണ് അദ്ദേഹം കമ്മീഷന്‍ അംഗമായി തുടരാന്‍ തയ്യാറായത്. യുജിസി നിയമപ്രകാരം പ്രഫസര്‍ക്ക് ദിവസം 15,000 രൂപ വരെ ഹോണറേറിയം വാങ്ങാമെന്നുള്ളപ്പോഴാണ് ഇല്ലാത്ത വ്യവസ്ഥയുടെ പേരില്‍ കമ്മീഷനംഗത്തെ അപമാനിച്ചത്. നിസ്സാരമായ കാര്യങ്ങള്‍ പോലും നടത്തിത്തരാതെ ഡയറക്ടര്‍ ജനറല്‍ നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിക്കുമ്പോള്‍ പരിഹാരം തേടി മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരുന്നത് വല്ലാത്ത വിഷമതയുണ്ടാക്കുന്നു. ഇത്തരത്തില്‍ വിലപ്പെട്ട സമയം പാഴാക്കാന്‍ താനില്ലെന്നും അതിനാല്‍, ചെയര്‍മാന്‍ പദവി ഒഴിയുകയാണെ ന്നും മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. രാജി അംഗീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് കഴിഞ്ഞ ദിവ സം എ എം മത്തായിക്ക് ലഭിച്ചു.
കേരള യൂനിവേഴ്‌സിറ്റി കംപ്യൂട്ടേഷനല്‍ ബയോളജി ആന്റ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എം കുട്ടപ്പന്‍ എന്നിവരായിരുന്നു പ്രഥമ കെഎസ്എസ്‌സി അംഗങ്ങള്‍.
രാജ്യത്തിന്റെയാകെ സ്ഥിതിവിവര ശേഖരണം കാര്യക്ഷമമാക്കുന്നതിനു നേതൃത്വം നല്‍കാനാണ് എല്ലാ സംസ്ഥാനങ്ങളിലും സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രംഗരാജന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഇപ്പോഴത്തെ വിവരശേഖരണവും കണക്കെടുപ്പുകളും ആധികാരികമാവുന്നില്ലെന്നും ഇതു രാജ്യത്തിന്റെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കമ്മീഷന്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതിനൊക്കെ പരിഹാരമായാണ് ഇ ന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സ്‌ട്രെതനിങ് പ്രൊജക്റ്റ് (ഐഎസ്എസ്പി) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ സംസ്ഥാന മാതൃകയാണ് സ്റ്റേറ്റ് സ്ട്രാറ്റെജിക്കല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ (എസ്എസ്എസ്പി). ഇതിന്റെ ഭാഗമായാണ് കമ്മീഷന്‍ രൂപീകരിച്ചത്.

Next Story

RELATED STORIES

Share it