ernakulam local

ചെമ്മീന്‍ കെട്ടുകളില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പി എം സിദ്ദീഖ്
എടവനക്കാട്: ചെമ്മീന്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി എടവനക്കാട് മേഖലയിലെ ചെമ്മീന്‍ കെട്ടുകളില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ എടവനക്കാട് ചാത്തങ്ങാട് പടിഞ്ഞാറു ഭാഗത്തുള്ള ചെമ്മീന്‍ കെട്ടുകളില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ചെമ്മീന്‍ കെട്ടുകളില്‍ ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം മല്‍സ്യങ്ങ ളും വളര്‍ത്തുന്നു.
പൂമീനാണ് ഇങ്ങിനെ കൂടുതലും കെട്ടുകളില്‍ നിക്ഷേപിച്ച് വളര്‍ത്തുന്നത്. ചെമ്മീന്‍ കൃഷി വര്‍ഷങ്ങളായി നഷ്ടത്തിലാണെങ്കിലും ഈ രംഗത്ത് നഷ്ടം സഹിച്ചും മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് കര്‍ഷകര്‍ നിലനില്‍ക്കുന്നത്. ചെമ്മീനുകളില്‍ രോഗബാധ സാധാരണയാണെങ്കിലും മല്‍സ്യം വളര്‍ത്തിയാണ് പലരും നഷ്ടം നികത്തിയിരുന്നത്.
കാലാവസ്ഥാവ്യതിയാനവും ജലമലനീകരണവുമാണ് മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ച ത്തുപൊങ്ങാന്‍ കാരണമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. എടവനക്കാട് ചാത്തങ്ങാട് തോടില്‍ നിന്നാണ് പടിഞ്ഞാറു ഭാഗത്തുള്ള ഒട്ടുമിക്ക ചെമ്മീന്‍ കെട്ടുകളിലും വെള്ളം കയറ്റിയിറക്കുന്നത്. വൈപ്പിന്‍ മേഖലയിലെ ഏറ്റവും മലിനമായതോടുകളില്‍ ഒന്നാണ് ചാത്തങ്ങാട് തോട്. അറവുമാലിന്യങ്ങളും വീടുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ക്കും പുറമേ ചത്തമൃഗങ്ങളെപോലും ആളുകള്‍ തോടുകളിലേക്കിടുകയാണ്.
ചൂടുകാലവസ്ഥക്ക് പുറമെ മലിനജലം കൂടിയായതോടെ ജലത്തിലെ ഓക്‌സിജന്റെ അളവില്‍ കാര്യമായ കുറവു വരുന്നതാണ് മല്‍സ്യങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമാവുന്നതെന്നാണ് സൂചന. വൈപ്പിനിലെ ചെമ്മീന്‍പാടങ്ങളില്‍ വൈറസ് ബാധമൂലം ചെമ്മീനുകളും മറ്റു കാരണങ്ങളാല്‍ മല്‍സ്യങ്ങളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ആദ്യസംഭവമല്ലങ്കിലും ഒരോ സീസണും ബാങ്ക് ലോണെടുത്തും കടം വാങ്ങിയും മറ്റുമാണ് ഈ രംഗത്ത് കര്‍ഷകര്‍ നിലനില്‍ക്കുന്നത്.
ലക്ഷങ്ങള്‍ നല്‍കി പാട്ടത്തിനെടുക്കുന്ന ചെമ്മീന്‍കെട്ടുകള്‍ ഒട്ടുമിക്കവര്‍ഷങ്ങളിലും നഷ്ടത്തിലാണ് കലാശിക്കുന്നത്. സമാജങ്ങളില്‍ നിന്നാണ് കര്‍ഷകര്‍ ചെമ്മീന്‍ കെട്ടുകള്‍ പാട്ടത്തിനെടുക്കുന്നത്.
മല്‍സ്യങ്ങളും ചെമ്മീനും ചത്തൊടുങ്ങുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ സമാജക്കാര്‍ക്ക് കൊടുത്തിരിക്കുന്ന പണം കുറച്ചുകൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മല്‍സ്യങ്ങളില്‍ പൂമീന്‍, കരിമീന്‍, തുടങ്ങി നല്ല വിലകിട്ടുന്ന മല്‍സ്യങ്ങളാണ് കൂടുതലും ചത്തൊടുങ്ങുന്നത്. ചെമ്മീനിലും രോഗബാധ ദൃശ്യമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചുവപ്പുനിറം ബാധിച്ച രീതിയിലാണ് ചെമ്മീനുകള്‍ കാണപ്പെടുന്നത്. കാരചെമ്മീനിലാണ് രോഗബാധ ഇപ്പോള്‍ ദൃശ്യമായിരിക്കുന്നത്.
വെളളത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന മല്‍സ്യങ്ങളും ചെമ്മീനും മുകള്‍ ഭാഗത്തെത്തിയതോടെയാണ് രോഗബാധ കര്‍ഷകര്‍ മനസ്സിലാക്കിയത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ നിക്ഷേപിച്ച കെട്ടുകളില്‍ കുറഞ്ഞ തോതില്‍ മാത്രമേ മുകള്‍ഭാഗത്ത് എത്തുന്നുള്ളൂ. ഭൂരിഭാഗവും അടിത്തട്ടില്‍ തന്നെ ചത്തൊടുങ്ങുകയാണ്. ചെമ്മീന്‍ കെട്ടുകളില്‍ നിക്ഷേപിച്ച കുഞ്ഞുങ്ങളും പ്രകൃതിദത്തമായി പാടങ്ങളില്‍ എത്തിപ്പെടുന്നവയും നശിക്കുകയാണ്. ഫാക്ടറികളില്‍ നിന്നും പുറന്തളളു രാസമാലിന്യങ്ങള്‍ പുഴയിലൂടെ തോടുകളിലും പിന്നീട് ചെമ്മീന്‍കെട്ടുകളിലെത്തുതുകൊണ്ടാണ് രോഗ ബാധ വരുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനുപുറമെയാണ് മാലിന്യനിക്ഷേപം.
രണ്ടുമാസങ്ങള്‍ക്കു മുമ്പ് തോടുകളിലുംമറ്റും മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് പുഴയിലും തോടുകളിലും മല്‍സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവര്‍ പ്രതിഷേധവുമായി പഞ്ചായത്തിലടക്കം നേരിട്ടെത്തി പരാതി പറഞ്ഞെങ്കിലും നടപടികളോബോധവല്‍ക്കരണമോ നടന്നിട്ടില്ല. കര്‍ഷകര്‍ക്കൊപ്പം തന്നെ ഒരുനാടിന്റെ സമ്പദ്ഘടനയെതന്നെ താറുമാറാക്കുന്നരീതിയിലാണ് ചെമ്മീന്‍കെട്ടുകള്‍ തകര്‍ച്ചയിലാകുന്നതുകൊണ്ട് സംഭവിക്കുന്നത്.
കൂടാതെ വീടുകളില്‍ നിന്നും മറ്റും തള്ളുന്ന മാലിന്യങ്ങളും രോഗബാധക്കിടയാക്കുന്നുണ്ട്. ചെമ്മീന്‍ കൃഷിയെ തകര്‍ക്കുന്ന രോഗബാധ കഴിഞ്ഞ 15 വര്‍ഷമായി തുടരുമ്പോഴും ബന്ധപ്പെട്ട ഏജന്‍സികള്‍ ഇതുവരെ രോഗം എന്തെന്നു നിര്‍ണയിക്കുകയോ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. ചെമ്മീനു  പുറമെ മല്‍സ്യങ്ങളും ചത്തൊടുങ്ങുന്നത് ലക്ഷങ്ങള്‍ മുടക്കി ചെമ്മീന്‍ കെട്ടുകള്‍ പാട്ടത്തിനിടുക്കു—ന്ന കര്‍ഷകരെ കടക്കെണിയിലാക്കുകയാണ്.
Next Story

RELATED STORIES

Share it