ernakulam local

ചെമ്മീന്‍ കര്‍ഷക മേഖലയെ സംരക്ഷിക്കാന്‍ ആഗോള ഗവേഷണ പദ്ധതി

കൊച്ചി: വ്യാപകമായ തോതില്‍ പടരുന്ന വൈറസ് രോഗം മൂലം പ്രതിസന്ധിയിലായ ചെമ്മീന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ഗവേഷണ പദ്ധതി. കൃഷി ചെയ്‌തെടുക്കുന്ന ചെമ്മീനുകളിലെ രോഗബാധ നിയന്ത്രിക്കുന്നതില്‍ വഴിത്തിരിവായേക്കാവുന്ന നാല് രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന ആഗോള ഗവേഷണ സംരംഭത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പ്രധാന പങ്കാളിയാവും.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുകിട ചെമ്മീന്‍ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ, യുകെ, ബംഗ്ലാദേശ്, കെനിയ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയിലാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് പ്രധാന പങ്കാളിയായി കുഫോസിനെ ഉള്‍പ്പെടുത്തിയത്.
മൂന്നാം ലോക രാജ്യങ്ങളിലെ ദാരിദ്രനിര്‍മാര്‍ജനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പിന്റെ നേതൃത്വത്തിലാണ് ഗവേഷണ പദ്ധതി നടപ്പാക്കുന്നത്. യു കെയിലെ തന്നെ ബയോടെക്‌നോളജി ആന്റ് ബയോളജിക്കല്‍ സയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബിബിഎസ്ആര്‍സി), ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് (ഡിബിടി), യുകെ യിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (ഡിഎഫ്‌ഐഡി) എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
ചെമ്മീന്‍ കൃഷികളില്‍ നിലവില്‍ ഉപയോഗിച്ചു വരുന്ന രോഗനിവാരണ ഉല്‍പന്നങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയും ഗുണദോശ ഫലങ്ങള്‍ നിര്‍ണയിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇന്ത്യയില്‍ നിന്ന് കുഫോസിനെ കൂടാതെ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്നിവയാണ് പദ്ധതിയിലെ മറ്റ് പങ്കാളികള്‍. സ്റ്റിര്‍ലിങ് സര്‍വകലാശാല, റോയല്‍ വെറ്ററിനറി കോളജ്, നോര്‍വിച്ച് ജോണ്‍ ഇന്‍സ് സെന്റര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച്, ലിവര്‍പൂള്‍ സര്‍വകലാശാല, സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല എന്നീ സ്ഥാപനങ്ങളാണ് യുകെ യില്‍ നിന്ന ഗവേഷണ സംരംഭത്തിലുള്ളത്.
ബംഗ്ലാദേശിലെ സിജിഐഎആര്‍ വേള്‍ഡ്ഫിഷ് സെന്റര്‍, ബംഗ്ലാദേശ് കാര്‍ഷിക സര്‍വകലാശാല, നൊവാക്കലി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, എന്നിവയും കെനിയയില്‍ നിന്ന് കെനിയാട്ട സര്‍വകലാശാല, ഫിഷറീസ്‌കാര്‍ഷിക മന്ത്രാലയം എന്നിവയുമാണ് പദ്ധതിയിലെ മറ്റു പങ്കാളികള്‍. സ്റ്റിര്‍ലിങ് സര്‍വകലാശാലയിലെ ഡോ. ഫ്രാന്‍സിസ് മുറേയാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍.
ഫലപ്രദമായ രോഗപരിപാലന മാതൃകകള്‍ വികസിപ്പിക്കുന്നതിലൂടെ രോഗബാധ മൂലം പ്രതിസന്ധി അനുഭവിക്കുന്ന ചെമ്മീന്‍ കൃഷി മേഖലയെ സംരക്ഷിക്കാന്‍ ഈ പദ്ധതി സഹയാകരമാവുമെന്ന് കുഫോസ് പ്രൊവൈസ്ചാന്‍സലറും പദ്ധതിയുടെ കുഫോസിലെ മുഖ്യഗവേഷകനുമായ ഡോ. കെ പത്മകുമാര്‍ പറഞ്ഞു. സ്‌കൂള്‍ ഓഫ് അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. എസ് ശ്യാമയാണ് കുഫോസില്‍ പദ്ധതിയുടെ സഹഗവേഷക.
ഇന്ത്യയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ആണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഡിബിടി അനുവദിച്ച മൊത്തം 2.34 കോടി രൂപയില്‍ കുഫോസിന് ഒരു കോടി ലഭിക്കും.
Next Story

RELATED STORIES

Share it