malappuram local

ചെമ്മാട് ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിനു ഹിദായനഗറില്‍ ഉജ്ജ്വല പരിസമാപ്തി. സമാപന സമ്മേളനം വാഴ്‌സിറ്റി ചാന്‍സലര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ ശരീഅ കോടതി ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫള്ല്‍ അദ്ദൗസരി, ബഹ്‌റൈനിലെ കിങ്ഡം യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. യൂസുഫ് അബ്ദുല്‍ ഗഫാര്‍, വിദ്യാഭ്യാസ വകുപ്പ് പ്രൊജക്ട് ഓഫിസര്‍ ഡോ. ഫുആദ് അബ്ദുര്‍റഹ്മാന്‍, ഇന്ത്യയിലെ മൊറോക്കോ എംബസിയിലെ കോണ്‍സുല്‍ ജനറല്‍ ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍, എന്‍ജിനീയര്‍ മുഹമ്മദ് യൂസുഫ് അബ്ദുല്‍ ഗഫാര്‍ ബഹറൈന്‍ വിശിഷ്ടാതിഥികളായിരുന്നു. സമസ്ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണവും നടത്തി.
ബിരുദദാന ചടങ്ങില്‍ ദാറുല്‍ഹുദായുടെ പന്ത്രണ്ട് വര്‍ഷത്തെ മതഭൗതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 708 യുവ പണ്ഡിതര്‍ക്കുള്ള ഹുദവി പട്ടം ചാന്‍സലര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. പി കുഞ്ഞാണി മുസ്‌ല്യാര്‍  അധ്യക്ഷത വഹിച്ചു. അലിഗഡ് മലപ്പുറം കേന്ദ്രം ഡയറക്ടര്‍ പ്രഫ. കെ എം അബ്ദുര്‍റശീദ് മുഖ്യാതിഥിയായി. രാവിലെ ഒമ്പതിനു നടന്ന അലുംനി ഗാതറിങ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബിരുദ ദാന സമ്മേളനത്തില്‍ മൗലവി ആലിം ഹുദവി പട്ടം ഏറ്റുവാങ്ങിയവരില്‍ 29 കേരളേതര പണ്ഡിതരുമുണ്ടായിരുന്ന. കര്‍ണാടക, മഹാരാഷ്ട്ര, ബീഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവ പണ്ഡിതരാണ് ദാറുല്‍ഹുദായിലെ പത്തു വര്‍ഷത്തെ പഠനം പൂര്‍ത്തീകരിച്ച് ബിരുദ പട്ടം ഏറ്റുവാങ്ങിയത്. നിലവില്‍ ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലും ഹുദവീ സംഘടന ഹാദിയയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഉത്തരേന്ത്യന്‍ പ്രൊജക്ടുകളിലും മറ്റു മേഖലകളിലുമായി  പ്രവര്‍ത്തിച്ചു വരികയാണ് ഇവര്‍.
Next Story

RELATED STORIES

Share it