wayanad local

ചെമ്പ്ര എസ്റ്റേറ്റ് സമരം ഒത്തുതീര്‍ന്നു



മേപ്പാടി: ചെമ്പ്ര എസ്‌റ്റേറ്റ് സമരം ഒത്തുതീര്‍ന്നു. തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴുമാസമായി അടഞ്ഞുകിടക്കുന്ന എസ്‌റ്റേറ്റ് തുറക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം 19 മുതല്‍ എസ്‌റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയും സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയിലെ തീരുമാനപ്രകാരം 2016 ഒക്ടോബറിലെ ശമ്പളക്കുടിശ്ശിക എസ്‌റ്റേറ്റ് തുറക്കുന്ന ദിവസം നല്‍കും. അടുത്ത മൂന്നുമാസം വരെ ആഴ്ചയില്‍ നാലു ദിവസം മാത്രമായിരിക്കും ജോലി നല്‍കുക. മുന്‍ വര്‍ഷത്തെ ബോണസ് 25ന് മുമ്പ് വിതരണം ചെയ്യും. എസ്‌റ്റേറ്റിലെ മറ്റ് വിഷയങ്ങള്‍ 12ന് സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ ലേബര്‍ ഓഫിസില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഒക്ടോബര്‍ 26നാണ് ചെമ്പ്ര എസ്‌റ്റേറ്റ് ലോക്കൗട്ട് ചെയ്തതായി മാനേജ്‌മെന്റ് പ്രഖ്യാപിച്ചത്. ഇതിനായി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു. 300ഓളം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട ലോക്കൗട്ട് പിന്‍വലിക്കണമെന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെട്ടുവെങ്കിലും ഉടമകള്‍ ചെവിക്കൊണ്ടില്ല. ഇതോടെ ട്രേഡ് യൂനിയനുകള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങി. തൊഴിലാളികളെ സഹായിക്കാന്‍ പി ഗഗാറിന്റെയും പി കെ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ സമരസഹായ സമിതിയും രൂപീകരിച്ചു. എസ്‌റ്റേറ്റിലെ തേയില പറിച്ചുവിറ്റാണ് തൊഴിലാളികള്‍ പട്ടിണിയില്ലാതെ ജീവിച്ചുപോന്നത്. മുമ്പ് നിരവധി ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഉടമകള്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് തുറക്കുന്നത് നീളുകയായിരുന്നു.
Next Story

RELATED STORIES

Share it