wayanad local

ചെമ്പ്ര എസ്റ്റേറ്റ് ജൂലൈ ഒന്നിന് തുറക്കും



കല്‍പ്പറ്റ: ലോക്കൗട്ട് ചെയ്ത ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് ജൂലൈ ഒന്നിന് തുറക്കാന്‍ ധാരണ. ഇന്നലെ കോഴിക്കോട് അസിസ്റ്റന്റ് ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളും മാനേജ്‌മെന്റ് ഭാരവാഹികളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എന്നാല്‍, തൊഴിലാളികളുടെ ശമ്പള, ബോണസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ഇതുസംബന്ധിച്ച് ഈ മാസം ഏഴിന് തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ തോട്ടം തുറക്കുന്ന സമയം മുതല്‍ മൂന്നുമാസത്തേക്ക് തൊഴിലാളികള്‍ക്ക് മാസത്തില്‍ 15 തൊഴില്‍ ദിനങ്ങളേ നല്‍കാനാവൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍, ഒരു മാസത്തേക്ക് ഈ ഇളവ് മാനേജ്‌മെന്റിന് നല്‍കാമെന്നു തൊഴിലാളി യൂനിയനുകള്‍ നിലപാടെടുത്തു. 2016 ഒക്ടോബര്‍ 27നാണ് ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തത്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞായിരുന്നു ലോക്കൗട്ട്. ഇതോടെ തോട്ടത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 320ഓളം തൊഴിലാളികള്‍ പെരുവഴിയിലായിരുന്നു. നിരവധി സമരങ്ങള്‍ക്കൊടുവിലാണ് എസ്റ്റേറ്റ് തുറക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it