Kannur

ചെമ്പേരിയിലെ നിക്ഷേപ തട്ടിപ്പ്; അന്വേഷണം വഴിത്തിരിവില്‍

ഇരിക്കൂര്‍: പോസ്റ്റ് ഓഫിസ് സമ്പാദ്യപദ്ധതിയിലെ നിക്ഷേപകരെ കബളിപ്പിച്ച് മഹിളാ പ്രധാന്‍ ഏജന്റ് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. ഒരാളുടെ തന്നെ ഫോട്ടോ പതിച്ച് രണ്ടു വ്യത്യസ്ത പേരുകളില്‍ നല്‍കിയ പാസ് ബുക്കുകള്‍ കണ്ടെത്തി. ഇതിലൊന്നിലെ പണമിടപാടുകള്‍ രേഖപ്പെടുത്തിയതില്‍ അസ്വാഭാവികത കാണപ്പെട്ടു. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് നിരവധി നിക്ഷേപകര്‍ മഹിളാ പ്രധാന്‍ ഏജന്റായിരുന്ന മോളിയെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന നിരവധി പാസ്ബുക്കുകളിലെ ഫോട്ടോയും പേരും പരിശോധിച്ച് പലരും അവരവരുടേത് കൈവശപ്പെടുത്തി. ഇങ്ങനെ ലഭിച്ചവയിലാണ് ഒരു വീട്ടുടമയുടെ ഫോട്ടോ പതിച്ച രണ്ടു പാസ് ബുക്കുകള്‍ കണ്ടെത്തിയത്. പാസ് ബുക്കുകളില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത തിയ്യതികളിലും വ്യത്യാസമുണ്ട്. ഇതേ വീട്ടമ്മയുടെ ഫോട്ടോ പതിച്ച രണ്ടാമത്തെ പാസ്ബുക്കില്‍ യഥാര്‍ഥ പേരാണുള്ളത്. പ്രതിമാസം 500 രൂപ പ്രകാരം 60 മാസ ഗഡുക്കള്‍ വാങ്ങിയതായി വീട്ടമ്മയുടെ കൈവശമുള്ള കാര്‍ഡില്‍ ചേര്‍ത്തിരുന്നെങ്കിലും പാസ്ബുക്കില്‍ ഏതാനും ഗഡുക്കള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. രണ്ടു പതിറ്റാണ്ടിലേറെയായി ചെമ്പേരി സബ് പോസ്റ്റ് ഓഫിസില്‍ നിക്ഷേപം സ്വീകരിക്കുന്ന മഹിളാ പ്രധാന്‍ ഏജന്റുമാരില്‍ ഒരാളാണ് മോളി. നിക്ഷേപകരുമായി അടുപ്പം സ്ഥാപിച്ചാണ് പാസ്ബുക്കുകള്‍ മോളി തന്നെ കൈവശം വച്ചിരുന്നത്. നിക്ഷേപകരുടെ പണം യഥാസമയം പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാതെ ഭര്‍ത്താവ് മുഖേന വന്‍തുക പലര്‍ക്കും വായ്പ നല്‍കിയതായും ആരോപണമുണ്ട്. എന്നാ ല്‍, വര്‍ഷങ്ങളായി തുടര്‍ന്നുവന്നിരുന്ന ക്രമക്കേട് അറിഞ്ഞിരുന്നില്ലെന്നാണ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ബിഡിഒയുടെ വാദം. ആലക്കോട് സിഐ എവി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇരിക്കൂര്‍ ബിഡിഒയുടെയും പോസ്റ്റ്മാസ്റ്ററുടെയും മൊഴി രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it