ചെമ്പിരിക്ക ഖാസിയുടെ മരണംസിബിഐ റിപോര്‍ട്ട് 25ന് കോടതി പരിഗണിക്കും

കാസര്‍കോട്: ചെമ്പിരിക്ക-മംഗളൂരു ഖാസിയും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണ റിപോര്‍ട്ട് എറണാകുളം സിബിഐ കോടതി 25ന് പരിഗണിക്കും. ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി ഫയല്‍ ചെയ്ത കേസില്‍ സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി ഡാ ര്‍വിനാണ് ഒരാഴ്ച മുമ്പ് മരണം ആത്മഹത്യയാണെന്ന തരത്തി ല്‍ റിപോര്‍ട്ട് നല്‍കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍ ഖാസി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.
2010 ഫെബ്രുവരി 15ന് രാവിലെ ചെമ്പിരിക്ക കടുക്കക്കല്ല് കടലിലാണ് ഖാസി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ ചെരിപ്പ്, ഊന്നുവടി, ടോര്‍ച്ച് എന്നിവ കടുക്കക്കല്ലില്‍ വച്ച നിലയിലായിരുന്നു. എന്നാല്‍, ഖാസിയുടെ കണ്ണടകളില്‍ ഒന്ന് വാഹനത്തിനകത്തും മറ്റൊന്ന് കിടപ്പുമുറിയിലുമായിരുന്നു. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. എന്നാല്‍, നാട്ടുകാര്‍ സമരരംഗത്തിറങ്ങിയതോടെ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ തിരുവനന്തപുരം യൂനിറ്റ് എസ്പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ സിഐയായിരുന്ന ലാസറാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടയില്‍ ഇദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. പിന്നീട് അന്വേഷണം അട്ടിമറിച്ച നിലയിലായിരുന്നു.
ഖാസിയുടെ മുറിയില്‍ നിന്നു ലഭിച്ച അറബിലിപിയില്‍ എഴുതിയ ഒരു തുണ്ട് കടലാസ് ആത്മഹത്യാ കുറിപ്പാണെന്ന രൂപത്തില്‍ അന്ന് കേസന്വേഷിച്ചിരുന്ന ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രചരിപ്പിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷണം നടത്തി അന്തിമ റിപോര്‍ട്ട് ആത്മഹത്യ എന്ന രൂപത്തില്‍ നല്‍കിയതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.
കേസന്വേഷണം മതിയായ ദിശയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ശാഫി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയെ തുടര്‍ന്ന് അന്വേഷണം വീണ്ടും സിബിഐക്ക് കൈമാറി. എന്നാല്‍, സിബിഐ ഉദ്യോഗസ്ഥര്‍ നേരത്തേ നടത്തിയ അന്വേഷണ റിപോര്‍ട്ടില്‍ ഉറച്ചുനിന്നു വീണ്ടും റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മാത്രമല്ല, ഖാസി മരിച്ചുകിടന്ന സ്ഥലത്ത് പോലിസ് നായയെ കൊണ്ടുവന്നു തെളിവെടുക്കാനോ കടുക്കക്കല്ലില്‍ കണ്ടെത്തിയ ഊന്നുവടി, ടോര്‍ച്ച്, ചെരിപ്പ് എന്നിവയുടെ വിരലടയാളങ്ങള്‍ പരിശോധിക്കാനോ തയ്യാറാവാത്തത് സംശയത്തിന് ഇടം നല്‍കുന്നതായി ആക്ഷന്‍ കമ്മിറ്റി അംഗം ഇ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. ഖാസിയുടെ മരണത്തിലെ യഥാര്‍ഥ കാരണം പുറത്തുവരുന്നതുവരെ തങ്ങള്‍ പ്രക്ഷോഭം നടത്തുമെന്നും വേണ്ടിവന്നാല്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ പന്തലിലേക്ക് ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തക ദയാഭായിയെ സമരപ്പന്തലിലെത്തിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.



Next Story

RELATED STORIES

Share it