ചെന്നൈ സാധാരണ നിലയിലേക്ക്

ചെന്നൈ: മഴ ശമിച്ചതോടെ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള 600ലധികം പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. ആറക്കോണം നാവിക ആസ്ഥാനത്തെത്തിച്ച ഇവരുമായുള്ള വ്യോമസേനയുടെയും സ്വകാര്യ കമ്പനികളുടെയും വിമാനങ്ങള്‍ ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, പട്‌ന എന്നിവിടങ്ങളിലേക്കു തിരിച്ചു.
ചെന്നൈ വിമാനത്താവളത്തില്‍ വെള്ളം പൂര്‍ണമായി നീങ്ങിയിട്ടില്ലെങ്കിലും ആഭ്യന്തര സര്‍വ്വീസുകള്‍ ഇന്ന് പുനരാരംഭിക്കും. ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ നിന്നു പുറപ്പെട്ടു. നേരത്തേ ഇവിടെ കുടുങ്ങിയ വിമാനങ്ങള്‍ക്കു പുറപ്പെടുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. വിമാനത്താവളം പൂര്‍ണമായും സര്‍വീസിനു സജ്ജമാവാന്‍ മൂന്നു ദിവസം വേണ്ടിവരുമെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
ചെന്നൈ ആറക്കോണത്തു നിന്നു മധുര, തിരുച്ചിറപള്ളി, തിരുചെണ്ടൂര്‍, കാരക്കല്‍, തിരുനെല്‍വേലി, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ തുടങ്ങി. കോയമ്പേട് സ്റ്റാന്റില്‍ നിന്നു കേരളത്തിലേക്ക് ബസ് സര്‍വീസുകളും ആരംഭിച്ചു. വൈദ്യുതി-ടെലിഫോണ്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. റോഡുകള്‍ ശുചീകരിച്ചുവരുകയാണ്. ചൊവ്വാഴ്ച വരെ ചെന്നൈ നഗരത്തില്‍ സൗജന്യ ബസ്‌യാത്രയ്ക്ക് അവസരമുണ്ടാവുമെന്ന് ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എടിഎം കൗണ്ടറുകള്‍ക്കും പെട്രോള്‍ബങ്കുകള്‍ക്കും മുന്നില്‍ നീണ്ട നിരയാണ്. ഇന്ധനവിതരണം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിനു ശേഷം മഴ മൂലം മരിച്ചവരുടെ എണ്ണം 245 ആയെന്നാണ് സര്‍ക്കാര്‍ കണക്ക്. അഡയാര്‍, കൂവം നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ദുരിതാശ്വാസ വസ്തുക്കളുടെ വിതരണം നടക്കുന്നുണ്ടെങ്കിലും അവശ്യസാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ല. വെള്ളത്തിനും പാലിനും 100ഉം 150ഉം രൂപ നല്‍കണം. പച്ചക്കറിക്കും ഉയര്‍ന്ന വിലയാണ്. പാല്‍ വിതരണം ഇന്ന് പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്ന് വിതരണ ചുമതലക്കാരായ ആവിന്‍ അറിയിച്ചു. തമിഴ്‌നാടിനു നികുതി ഒടുക്കേണ്ട തിയ്യതി കേന്ദ്ര റവന്യൂ വകുപ്പ് ഈ മാസം 20ലേക്കു നീട്ടിനല്‍കി.
ദുരിതമേഖലയില്‍ നിന്ന് 28,000 പേരെ ഒഴിപ്പിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. കോടമ്പാക്കം, ടി നഗര്‍, അഡയാര്‍, കോട്ടൂര്‍പുരം, തമ്പാരം എന്നിവിടങ്ങളില്‍ ഇന്നലെയും മഴ പെയ്തത് ആശങ്കയ്ക്കിടയാക്കി. അടുത്ത 24 മണിക്കൂറില്‍ ചെന്നൈയില്‍ നേരിയ മഴയുണ്ടാകാനിടയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയമുണ്ടായപ്പോള്‍ മണിപ്പാക്കത്തെ മിയോട്ട് ആശുപത്രി മാനേജ്‌മെന്റും ഡോക്ടര്‍മാരും തങ്ങളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്ന് രോഗികള്‍ കുറ്റപ്പെടുത്തി. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ വസ്തുക്കളില്‍ നിര്‍ബന്ധിച്ചു ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചത് വിവാദമായി.
Next Story

RELATED STORIES

Share it