ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ചെന്നൈ: പ്രളയദുരിതം നേരിട്ട തമിഴകത്ത് മഴ ശമിച്ചെങ്കിലും ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. ആയിരത്തിലധികം ആളുകള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ വേണ്ടത്ര ശുചിത്വമില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
സര്‍ക്കാരിന്റേതിനു പുറമെ നിരവധി സംഘടനകളും ക്യാംപുകള്‍ നടത്തുന്നുണ്ട്. മിക്കതിലും മതിയായ കുടിവെള്ളം എത്തിയിട്ടില്ല. ജലജന്യരോഗങ്ങള്‍ക്കും ത്വഗ്‌രോഗങ്ങള്‍ക്കും സാധ്യതയേറെയാണെന്ന് വേള്‍ഡ്‌വിഷന്‍ ഇന്ത്യയുടെ അനിത വിക്ടര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടികള്‍ സ്വീകരിച്ചെന്നറിയിച്ച സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണന്‍ ത്വഗ്‌രോഗങ്ങള്‍ പടരുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. വെള്ളം ശുചീകരിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളിലും ദുരിതാശ്വാസക്യാംപുകളിലും ശുചിത്വം നിലനിര്‍ത്തണമെന്ന് ദുരന്തനിവാരണസംഘത്തിലുള്ള ഡോക്ടര്‍മാര്‍ ഉപദേശിച്ചു. വടക്കന്‍ ചെന്നൈയിലെ ജനസാന്ദ്രതയുള്ള താഴ്ന്ന പ്രദേശങ്ങളിലും പ്രളയം കനത്ത നാശംവിതച്ച കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലുമാണ് പകര്‍ച്ചവ്യാധിക്ക് സാധ്യതയെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, പ്രളയം മൂലം റദ്ദാക്കിയ വിമാന സര്‍വീസുകളില്‍ ഭൂരിഭാഗവും ഞായറാഴ്ച പുനരാരംഭിച്ചു. ചെന്നൈയില്‍ നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്കും ഡല്‍ഹിയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തി. 34 വിമാനങ്ങളായിരുന്നു അടച്ചിടുമ്പോള്‍ ചെന്നൈ വിമാനത്താവളത്തിലുണ്ടായിരുന്നത്.
പൂര്‍ണതോതില്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തുമെന്ന് വിമാനത്താവളാധികൃതര്‍ പറഞ്ഞു. നഗരത്തില്‍ പല ഭാഗങ്ങളിലും ഇടവിട്ട് മഴ തുടരുന്നുണ്ട്. ചെന്നൈയില്‍നിന്നുള്ള തീവണ്ടി ഗതാഗതം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 65 ശതമാനം ബസ്സുകളും സര്‍വീസ് തുടങ്ങി.
Next Story

RELATED STORIES

Share it