Flash News

ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബംഗളൂരു ഒന്നാമത്

ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ബംഗളൂരു ഒന്നാമത്
X

ചെന്നൈ: ചെന്നൈയിന്റെ തട്ടകത്തില്‍ വിയക്കൊടി പാറിച്ച ബംഗളൂരു എഫ്‌സി  ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ചെന്നൈയിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു തകര്‍ത്തുവിട്ടത്. ആദ്യവസാനം സര്‍വാധിപത്യ പ്രകടനം പുറത്തെടുത്ത ബംഗളൂരു ചെന്നൈയിന്റെ പോരാട്ടവീര്യത്തിന് കൂച്ചുവിലങ്ങിടുകയായിരുന്നു.മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ ബംഗളൂരു അക്കൗണ്ട് തുറന്നു. സൂപ്പര്‍ താരം സുനില്‍ ഛേന്ത്രിയുടെ അസിസ്റ്റിനെ ബോയ്താങ് ഹോക്കിപ്പാണ് ലക്ഷ്യത്തിലെത്തിച്ചത്. തുടക്കത്തിലേ ലീഡ് വഴങ്ങിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഉണര്‍ന്നുകളിച്ച ചെന്നൈയിന്‍ 33ാം മിനിറ്റില്‍ സമനില സ്വന്തമാക്കി. ജെറിലാന്‍ റിന്‍സുവാലയുടെ അസിസ്റ്റിനെ വലയിലെത്തിച്ച് ഫെര്‍ണാണ്ടസാണ് ചെന്നൈയിന് സമനില സമ്മാനിച്ചത്.  ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ 1-1 സമനിലയോടെയാണ് ഇരുക്കൂട്ടരും കളം വിട്ടത്.രണ്ടാം പകുതിയില്‍ ആക്രമിച്ച് മുന്നേറിയ ബംഗളൂരു 63ാം മിനിറ്റില്‍ മിക്കുവിലൂടെ ലീഡ് സ്വന്തമാക്കി. 71ാം മിനിറ്റില്‍ ചെന്നൈയിന്‍ താരം സെറീനോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തോപോയതോടെ ചെന്നൈയിന്‍ 10 പേരായി ചുരുങ്ങി. 76ാം മിനിറ്റില്‍ സമനില സ്വന്തമാക്കാന്‍ ലഭിച്ച പെനല്‍റ്റി അവസരം ചെന്നൈയിന്‍ പാഴാക്കി. ഷോട്ടെടുത്ത ലാല്‍പെഖുലവയ്ക്ക് ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. പിന്നീട് ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രി ബംഗളൂരു അക്കൗണ്ടില്‍ മൂന്നാം ഗോളും ചേര്‍ത്തു. അധികം വൈകാതെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ തകര്‍പ്പന്‍ ജയവുമായാണ് ബംഗളൂരു ബൂട്ടഴിച്ചത്. തോറ്റെങ്കിലും ചെന്നൈയിന്‍ രണ്ടാം സ്ഥാനത്താണ്.
Next Story

RELATED STORIES

Share it