Flash News

ചെന്നൈയിനും ഗോവയും മുഖാമുഖം; ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബര്‍ത്ത്

ചെന്നൈയിനും ഗോവയും മുഖാമുഖം; ജയിക്കുന്നവര്‍ക്ക് ഫൈനല്‍ ബര്‍ത്ത്
X



ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ ബംഗളൂരുവിന്റെ എതിരാളികളാരെന്ന് ഇന്നറിയാം. രണ്ടാം പാദ സെമിയില്‍ ചെന്നൈയിന്‍ എഫ്‌സിയും ഗോവയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കളിക്കളത്തില്‍ പോരാട്ടച്ചൂടേറും. ആദ്യ പാദ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കും. ഒരു എവേ ഗോളിന്റെ മുന്‍തൂക്കം ചെന്നൈയിനുണ്ട്. അതിനാല്‍ തന്നെ സ്വന്തം തട്ടകത്തില്‍ ഗോവയുടെ പോരാട്ടത്തെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയോടെയാണ് ചെന്നൈയിന്‍ ബൂട്ടണിയുക. 'ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഏറെ പണിപ്പെട്ടാണ് സമനില നേടിയത്. ചെന്നൈയില്‍ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്തിട്ടില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഗുണമാണ്. പക്ഷെ അവര്‍ ഗോളടിച്ചാല്‍ എല്ലാ കണക്ക് കൂട്ടലുകളും തെറ്റും. ഗോവയുടെ കളിക്കാരില്‍ സൂക്ഷിക്കേണ്ടവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കറിയാം. വിചാരിച്ച രീതിയില്‍ കളി നീങ്ങിയില്ലെങ്കില്‍ ഒരു പെനല്‍ട്ടി ഷൂട്ടൗട്ടാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു.   ചെന്നൈയിന്‍ എഫ്‌സിയുടെ പ്രതിരോധം ശക്തമാണ്. നാലു പേരില്‍ മൂന്നും വിദേശ കളിക്കാര്‍. മൂന്നു വിദേശ കളിക്കാരുമായി പ്രതിരോധം തീര്‍ത്ത ഏക ടീമാണ് ചെന്നൈയിന്‍. അത് തകര്‍ക്കുക എന്നത് എളുപ്പമാവില്ല. ഗോവയുടെ മുന്നേറ്റക്കാരായ കോറോ, ലാന്‍സറോട്ടെ എന്നിവര്‍ക്ക് ഇത് ഏറെ തലവേദന ഇവര്‍ സൃഷ്ടിക്കും.  'ശക്തമായ ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ചെന്നൈയില്‍ ഞങ്ങള്‍ നേരത്തെ കളിച്ചപ്പോള്‍ ആദ്യ പകുതിയില്‍ മൂന്നു ഗോളിന് ഞങ്ങള്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് രണ്ടു ഗോളടിച്ച് അവര്‍ കളിയിലേക്ക് തിരികെയെത്തി. ഞങ്ങളുടെ കളിയില്‍ ഏറെ ആത്മവിശ്വാസമുണ്ട്. അതാണ് ഞങ്ങളുടെ ശക്തിയും' ഗോവ കോച്ച് സെര്‍ജിയോ ലൊബേര പറഞ്ഞു.   ഒരു സസ്‌പെന്‍ഷന് ശേഷം ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ തിരിച്ചെത്തി എന്നത് ഗോവയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ചുവപ്പ് കാര്‍ഡ് കിട്ടുന്നതിന് മുമ്പുള്ള മൂന്നു മല്‍സരങ്ങളിലെ രണ്ടു മല്‍സരങ്ങളിലും ഗോളൊന്നും വഴങ്ങാതെയാണ് ഗോവ കളിച്ചത്. അത് നവീന്‍ കുമാറിന്റെ നേട്ടമാണ്. ജംഷഡ്പൂരിനെതിരേ കളിച്ച അതേ രീതിയിലായിരിക്കും തങ്ങള്‍ കളിക്കുക എന്നും ലൊബേര പറഞ്ഞു.
Next Story

RELATED STORIES

Share it