ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിലെ വിമത പ്രസിഡന്റ് രാജിവച്ചു

മാന്നാര്‍: സിപിഎം ജില്ലാ നേതൃത്വത്തിന് വഴങ്ങി ചെന്നിത്തല ഗ്രാമപ്പഞ്ചായത്തിലെ വിമത പ്രസിഡന്റ് ഇ എന്‍ നാരായണന്‍ രാജിവച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെയും ജില്ലാ നേതൃത്വത്തിന്റെയും ശക്തമായ നിലപാടാണ് രാജിയില്‍ എത്തിച്ചത്.
ഉപാധികളൊന്നുമില്ലാതെയാണ് സ്ഥാനം രാജിവച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റ് ഇ എന്‍ നാരായണന്‍ ഇവരെ സഹായിച്ച മാന്നാര്‍ ഏരിയാ കമ്മിറ്റിയംഗം കെ സദാശിവന്‍ പിള്ള, ലോക്കല്‍ കമ്മിറ്റിയംഗം കൂടിയായ ഗ്രാമപ്പഞ്ചായത്തംഗം ഡി ഗോപാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കും. ലോക്കല്‍കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ സഞ്ജീവനെ തല്‍സ്ഥാനത്ത് നിലനിര്‍ത്താനും ധാരണയായിട്ടുണ്ട്.
കൂടാതെ പ്രസിഡന്റ് സ്ഥാനം വരുന്ന ഒരു വര്‍ഷത്തേയ്ക്ക് സിപിഐക്ക് നല്‍കും. തുടര്‍ന്നു വരുന്ന നാല് വര്‍ഷം ഇ എന്‍ നാരായണന്‍ ഈ സ്ഥാനം വഹിക്കാനും ധാരണയായി. ഇതനുസരിച്ച് ഇപ്പോഴുള്ള ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി പ്രസിഡന്റാവും.
രാജിവച്ച ലോക്കല്‍ കമ്മറ്റിയംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും രാജി തള്ളാനും അതാത് സ്ഥാനങ്ങളില്‍ അവരെ നിലനിര്‍ത്താനും ധാരണയായി. പുറത്താക്കിയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ചു ജില്ലാ കമ്മിറ്റി മാന്നാര്‍ ഏരിയാ കമ്മിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കി. വിപ്പ് ലംഘിച്ച് പ്രസിഡന്റായ ഇ എന്‍ നാരായണന്‍ രാജി വയ്ക്കാതെ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ ആവര്‍ത്തിച്ചുള്ള നിലപാട് പ്രാദേശിക നേതൃത്വത്തിന് അംഗീകരിക്കുകയേ നിവൃത്തിയുണ്ടായുള്ളു.
പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിപ്പ് ലംഘിച്ച് എത്തിയവര്‍ മാറണമെന്ന നിലപാടില്‍ ജില്ലാ നേതൃത്വം ഉറച്ച് നിന്ന സാഹചര്യത്തിലാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതാക്കളെ കണ്ടത്. സംസ്ഥാന സെക്രട്ടറി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയും പിന്നീട് വേണ്ടത് ചെയ്യാമെന്നുള്ള നിലപാട് സ്വീകരിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തു.
Next Story

RELATED STORIES

Share it