ചെന്നിത്തലയ്ക്ക് രണ്ടുകോടി നല്‍കിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമെതിരേ കോഴയാരോപണവുമായി ബിജു രമേശ് രംഗത്ത്. കെപിസിസി പ്രസിഡന്റായിരിക്കെ ചെന്നിത്തലയ്ക്ക് രണ്ടു കോടിയും വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയതായി ബിജു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കെപിസിസി ഓഫിസിലെത്തിയാണ് ചെന്നിത്തലയ്ക്ക് പണം കൈമാറിയത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി ശിവകുമാറിന്റെ സ്റ്റാഫംഗം വാസു മുഖേനയും പണം നല്‍കി. എന്നാല്‍, ബാര്‍ അടച്ചിട്ടതുമായി ബന്ധപ്പെട്ടല്ല ഇത്. രശീതിയോ രേഖകളോ നല്‍കിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
കെപിസിസി ഓഫിസില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നേരിട്ടെത്തിയാണ് ചെന്നിത്തലയ്ക്ക് പണം നല്‍കിയത്. ഇത് ബാറുകള്‍ തുറക്കാനായിരുന്നില്ല. രണ്ടുവര്‍ഷം ലൈസന്‍സ് ഫീസ് കൂട്ടാതെ ഇതിനു കെപിസിസി പ്രത്യുപകാരവും ചെയ്തു. ബിസിനസിന് എന്തെങ്കിലും തടസ്സം വരുമോയെന്നു ഭയന്നാണു പണം നല്‍കിയത്.
അതേസമയം, ബിജുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ശിവകുമാര്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിന് സംഭാവന നല്‍കിയെന്ന ദുരാരോപണം ബിജുരമേശ് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ബിജു രമേശിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കെപിസിസി ഓഫിസില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് രശീതി നല്‍കിയാണ്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it