ചെന്നിത്തലയുടേത്പടിപടിയായുള്ള വളര്‍ച്ച

തിരുവനന്തപുരം: രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതോടെ 21 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ്സിന്റെ അമരത്ത് വീണ്ടും ഐ ഗ്രൂപ്പുകാരന്‍.   വര്‍ഷങ്ങളോളം ഉമ്മന്‍ചാണ്ടിയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഒന്നാമന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി എ കെ ആന്റണി മുഖ്യമന്ത്രിയായതു മുതല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരാണ് ഉണ്ടായിരുന്നത്. ഇതാണ് രമേശ് ചെന്നിത്തലയിലൂടെ  മാറിയത്. ദേശീയ, സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത പദവികള്‍ നന്നെ ചെറുപ്പത്തില്‍ തന്നെ വഹിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞു. 1970ല്‍ ചെന്നിത്തല ഹൈസ്‌കൂളില്‍ കെഎസ്‌യു യൂനിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പടിപടിയായി ഉയരങ്ങളിലെത്തുകയായിരുന്നു. ബിഎ, എല്‍എല്‍ബി ബിരുദധാരിയായ ചെന്നിത്തല 1980ല്‍ 24ാം വയസ്സില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനാവുന്നതോടെയാണ് രാഷ്ട്രീയ കേരളത്തില്‍ ശ്രദ്ധേയനായത്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നിന്ന് 26ാം വയസ്സില്‍ സിപിഎം നേതാവ് അഡ്വ. പി ജി തമ്പിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. 1983ല്‍ എന്‍എസ്‌യുഐ ദേശീയ പ്രസിഡന്റായി. 1985ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി.  1986ല്‍ 28ാം വയസ്സില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ചുമതലയേറ്റു. ആ വര്‍ഷം തന്നെ കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 87ല്‍ വീണ്ടും ഹരിപ്പാട് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 89ല്‍ കോട്ടയത്ത് നിന്നും സിപിഎം നേതാവും സിറ്റിങ് എംപിയുമായിരുന്ന സുരേഷ് കുറുപ്പിനെ തോല്‍പ്പിച്ച് പാര്‍ലമെന്റ് അംഗമായി. 1990ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാവുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനായി. 1991ലും 96ലും കോട്ടയത്ത് നിന്നു വീണ്ടും പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ എഐസിസി സെക്രട്ടറിയായി ചുമതലയേറ്റു. 99ല്‍ മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റംഗമായി. 2005 ജൂണ്‍ 24നാണ് കെപിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ടത്. 2011ല്‍ ഹരിപ്പാട് നിന്ന് മൂന്നാം തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ജനുവരി 1ന് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ ഹരിപ്പാട് നിന്ന് നാലാം തവണയും വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസ്സും യുഡിഎഫും തികച്ചും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തെ നേരിടുമ്പോഴാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തെത്തുന്നത്. ഉമ്മന്‍ചാണ്ടിയെന്ന കൂര്‍മബുദ്ധിക്കാരനു പകരം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാവുന്ന ചെന്നിത്തലയ്ക്ക് വെല്ലുവിളികള്‍ ഏറെയാണ്. കോണ്‍ഗ്രസ്സില്‍ നിന്നകന്ന ന്യൂനപക്ഷങ്ങളെ തിരികെക്കൊണ്ടുവരുന്നത് നിര്‍ണായകമാവും. പരമ്പരാഗത വൈരികളായ സിപിഎമ്മിനെയും പുതിയ ശക്തികളായി വളരുന്ന ബിജെപിയെയും നേരിടുകയെന്നതും ചെന്നിത്തലയ്ക്ക്  മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്.
Next Story

RELATED STORIES

Share it