Alappuzha local

ചെന്നിത്തലയില്‍ ഭരണ പ്രതിസന്ധിയെന്ന് കോണ്‍ഗ്രസ്

മാന്നാര്‍: ചെന്നിത്തല ഗ്രാമപ്പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും. എന്നാല്‍ അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും മുന്‍ എംഎല്‍എ എം മുരളളയുടെയും വാര്‍ഡുകളില്‍ ഉള്‍പ്പടെ ചെന്നിത്തലയില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായ പരാജയത്തിന്റെ ജാള്യം മറയ്ക്കാനാണ് ഉപരോധ സമരവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എന്‍ നാരായണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അധികാരമേറി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സമരവുമായി രംഗത്ത് വന്നത് അതിനാലാണെന്ന് അദ്ദഹം പറഞ്ഞു. കുറ്റമറ്റതരത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ രീതിയില്‍ നിരവധി പദ്ധതികള്‍ ഇതിനോടകം തന്നെ പഞ്ചായത്തില്‍ തയ്യാറാക്കി. താളം തെറ്റി കിടന്നിരുന്ന ഫ്രണ്ട് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ജനങ്ങള്‍ക്ക് പെട്ടെന്ന് കാര്യങ്ങള്‍ സാധിക്കുന്ന തരത്തിലേക്ക് സജ്ജീകരിക്കുകയുംചെയ്തു. 24 മണിക്കൂറും ജനങ്ങള്‍ക്ക് പ്രസിഡന്റുമായി ബന്ധപ്പെടുന്നതിനായുള്ളസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നായ്ക്കളെ കൊല്ലുന്നതിനുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും. എല്ലാ വാര്‍ഡുകളിലും സേവാ ഗ്രാമങ്ങള്‍ തുറക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ നടപ്പാക്കി വരുന്നതിനിടയില്‍ നടത്തുന്ന സമരം ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഡി ഗോപാലകൃഷ്ണന്‍,വിനീത കുമാരി, ഓമനക്കുട്ടന്‍, ഉമാ താരാനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ന് രാവിലെ 10ന് നടക്കുന്ന കോണ്‍ഗ്രസ് ഉപരോധ സമരം കെപിസിസി സെക്രട്ടറി എം ലിജു ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it