ചെന്നിത്തലയിലെ സിപിഎം പ്രതിസന്ധി; സംസ്ഥാന നേതൃത്വം ഇടപെടുന്നു

മാന്നാര്‍: ചെന്നിത്തലയില്‍ സിപിഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുവാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നു. വിപ്പ് ലംഘിച്ചതിന്റെ പേരില്‍ സിപിഎംല്‍ നിന്നു പുറത്താക്കിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എന്‍ നാരായണന്‍, മാന്നാര്‍ ഏരിയാ കമ്മിറ്റിയംഗം കെ സദാശിവന്‍ പിള്ള, ഗ്രാമപ്പഞ്ചായത്തംഗം ഡി ഗോപാല കൃഷ്ണന്‍ എന്നിവര്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.
ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിപ്പ് ലംഘിച്ച് എത്തിയവര്‍ മാറണമെന്നുമുള്ള കാര്യത്തില്‍ ജില്ലാ നേതൃത്വം ഉറച്ച് നില്‍ക്കുകയും ചെയ്തതോടെയാണ് ലോക്കല്‍ നേതൃത്വം നേരിട്ട് സംസ്ഥാന നേതാക്കളെ കാണാന്‍ പോയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മൂന്ന് പേരെ തിരിച്ചെടുക്കണമെങ്കില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കണമെന്നും അല്ലാതെയുള്ള യാതൊരു കാര്യങ്ങളും സിപിഎമ്മില്‍ നടക്കില്ലെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വ തീരുമാനങ്ങള്‍ അംഗീകരിക്കുകയെന്നുള്ളതാണ് ആദ്യം ചെയ്യേണ്ടതെന്നും അത് കഴിഞ്ഞേ ഏത് തരത്തിലുള്ള ചര്‍ച്ചകളും ഒത്തു തീര്‍പ്പുകളും നടക്കുകയുള്ളൂ എന്ന നിലപാടില്‍ തന്നെ ജില്ലാ നേതൃത്വം ഉറച്ച് നില്‍ക്കുന്നു എന്നതാണ് ജില്ലാ സെക്രട്ടറിയുടെ സ്വരത്തിലുള്ളത്. ഇല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ടുപോവും. സിപിഎമ്മും സിപിഐയും ചേര്‍ന്നാല്‍ മാത്രം ഭൂരിപക്ഷമുള്ള പഞ്ചായത്തുകളിലാണ് സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ചെന്നിത്തലയില്‍ ആകെയുള്ള 18 സീറ്റുകളില്‍ എല്‍ഡിഎഫിന് എട്ട് സീറ്റുകളാണുള്ളത്. ഭൂരിപക്ഷം ഇല്ല. സംസ്ഥാന കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയില്‍ എട്ടു സീറ്റുകള്‍ സിപിഐക്ക് ന ല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി മെംബര്‍ഷിപ്പ് നിലനിര്‍ത്തി പ്രാദേശിക നേതൃത്വം രണ്ട് ലോക്കല്‍ കമ്മിറ്റിയിലുള്ള 25 അംഗങ്ങളെക്കൊണ്ട് രാജി വയ്പിക്കുകയും 22 ബ്രാഞ്ച് സെക്രട്ടറിമാര്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കേണ്ടയെന്നും, ബദല്‍ സംവിധാനം ഉണ്ടാക്കി പാര്‍ട്ടി പരിപാടികളുമായി മുന്നോട്ട് പോവണമെന്നുമാണ് ഏരിയാ കമ്മിറ്റിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. ചെന്നിത്തലയിലെ ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്നാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും ഈ ലോക്കല്‍ കമ്മിറ്റി തന്നെയാണ് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തി ല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ഇ എന്‍ നാരായണനെ തീരുമാനിച്ചതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും പ്രസിഡന്റ് വാദിക്കുന്നു.
രാജി വയ്ക്കണമെങ്കി ല്‍ ഈ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് വീണ്ടും തീരുമാനിക്കണമെന്നും ഇ എന്‍ നാരായണന്‍ പറഞ്ഞു. ജില്ലാ നേതൃത്വവും പ്രാദേശിക നേതൃത്വവും രണ്ട് വഴിക്കായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്. നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ഒരു പ്രദേശത്തെ മൊത്തത്തില്‍ ഇല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് ചെന്നിത്തലയിലെ സിപിഎം പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it