ചെന്നലോട് ആസ്യ വധക്കേസ്: രണ്ടാം പ്രതിക്കുളള ശിക്ഷ ഇന്ന്പ്രഖ്യാപിക്കും

കല്‍പ്പറ്റ: പ്രമാദമായ ആസ്യ വധക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് മുസ്തഫയ്ക്ക് ഇന്ന് കല്‍പ്പറ്റ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോര്‍ട്ട്-ഒന്ന് ശിക്ഷ വിധിക്കും. ആദ്യ പ്രതി ചെന്നലോട് കുത്തിനി വീട്ടില്‍ ഇബ്രാഹിമിന് നേരത്തെ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. വിചാരണ വേളയില്‍ ഒളിവില്‍പോയ മുസ്തഫയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പടിഞ്ഞാറത്തറ വീട്ടിക്കാമൂല ടീച്ചര്‍ മുക്കില്‍ തിണ്ടന്‍ അഹമ്മദിന്റെ മകള്‍ ആസ്യയെ കൊലപ്പെടുത്തുകയും മകന്‍ ഷാഫിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2007 ജനുവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ആസ്യയും മകനും താമസിച്ചിരുന്ന വീട്ടില്‍ മോഷണം നടത്താനെത്തിയ പ്രതികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആസ്യയെയും മകനെയും പിക്കാസ് തായയും ഇരുമ്പുപാരയും ഉപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ ആസ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തുടര്‍ന്ന് പ്രതികള്‍ സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെട്ടു. സമീപത്തെ വീട്ടില്‍ നിന്നു മോഷ്ടിച്ച പാര ഉപയോഗിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. കൊലയ്ക്കു ശേഷം പാര സമീപത്തെ കുളത്തില്‍ ഇടുകയും ചെയ്തു. മോഷ്ടിച്ച കുറച്ചു സ്വര്‍ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ഒന്നാം പ്രതി ഇബ്രാഹിമിന്റെ വീട്ടില്‍ ഒളിച്ചുവയ്ക്കുകയുമായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്ത ശേഷം പ്രതികളുടെ കുറ്റസമ്മതമൊഴി പ്രകാരം കൃത്യത്തിനുപയോഗിച്ച പാര, പിക്കാസ് തായ, ഒളിച്ചുവച്ച സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. കേസില്‍ 30 സാക്ഷികളെ വിസ്തരിച്ചു.
Next Story

RELATED STORIES

Share it