Kottayam Local

ചെട്ടിക്കരി മുണ്ടാര്‍ മൂന്നാം ബ്ലോക്കിന്റെബണ്ട് ഉയര്‍ത്താന്‍ നടപടിയായേക്കും

വൈക്കം: തലയാഴം പഞ്ചായത്തിലെ ചെട്ടിക്കരി മുണ്ടാര്‍ മൂന്നാം ബ്ലോക്കിന്റെ ബണ്ട് ഉയര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളായേക്കും. ഇത് കാര്‍ഷിക മേഖലയ്്‌ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. ഗതാഗത സൗകര്യങ്ങളുടെയും മറ്റും അപര്യാപ്തതയില്‍ വട്ടംകറങ്ങുന്ന നിരവധി കുടുംബങ്ങളുണ്ട് ഈ മേഖലയില്‍. ഇവര്‍ക്കും ഇതു മുതല്‍കൂട്ടാവും. ബണ്ട് കല്ലു കെട്ടി മണ്ണിട്ട് ഉയര്‍ത്തണമെന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ബണ്ട് നവീകരിച്ചാല്‍ ഇവിടേക്കു ഗതാഗത സൗകര്യമാവും. നൂറേക്കറോളം വരുന്ന പാടശേഖരത്തിലേക്കു വാഹനങ്ങള്‍ എത്തും. വാക്കേത്തറ തോടും കരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന പാടശേഖരത്തില്‍ നെല്‍കൃഷി വിളവെടുക്കുന്നതിന് വള്ളത്തിലാണ് കൊയ്ത്ത് യന്ത്രമെത്തിക്കുന്നത്. ഇതിനുവരുന്ന ചെലവ് താങ്ങാവുന്നതിലേറെയാണ്. വിളവെടുത്ത് കഴിഞ്ഞാല്‍ ഗതാഗത മാര്‍ഗമില്ലാത്തതിനാല്‍ വള്ളങ്ങളില്‍ നെല്ല് വാഹനസൗകര്യമുള്ള റോഡില്‍ എത്തിക്കണം. കൃഷിയിറക്കുന്നതിനേക്കാള്‍ വലിയ ചിലവാണ് കൊയ്ത്തിനുശേഷം നെല്ല് വില്‍ക്കുവാന്‍ കര്‍ഷകര്‍ മുടക്കുന്നത്. ഇവിടെ ഇടനില ചൂഷണവുമുണ്ട്. അതുപോലെ തന്നെ ബണ്ടിന്റെ പല ഭാഗങ്ങളും താഴ്ന്നു കിടക്കുന്നുമുണ്ട്. മഴക്കാലത്ത് ബണ്ടില്‍ വെള്ളം കയറും. ചെട്ടിക്കരി ഭാഗത്ത് കരിയാറിന്റെ തീരം കല്ലു കെട്ടി സംരക്ഷിച്ച് ഗതാഗത സൗകര്യമൊരുക്കിയാല്‍ 50തോളം കുടുംബങ്ങള്‍ക്ക് ഗതാഗത സൗകര്യമാകും. നൂറേക്കറോളം വരുന്ന നെല്‍കൃഷിക്കും അത് ഉപകാരപ്രദമാകും.കനാലും കരിയാറും അതിരിടുന്ന പാടശേഖരത്തിനു ചുറ്റുമുള്ള മണ്‍ചിറയും റോഡും ഉയര്‍ത്തി നിര്‍മിച്ചാല്‍ വിനോദ സഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാവും. ഇപ്പോള്‍ കല്ലറ പഞ്ചായത്തില്‍ വരുന്ന മുണ്ടാര്‍ മേഖല വിദേശികളായ വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് വലിയ നേട്ടമാണ് കൊയ്യുന്നത്. ഒരുകാലത്ത് ആര്‍ക്കും വേണ്ടാതെ കിടന്ന നാട്ടുതോടുകളെ ഉപയോഗപ്രദമാക്കിയതാണ് ഇവരുടെ നേട്ടം. വികസന കാര്യത്തില്‍ എന്നും പിന്നാക്കം നില്‍ക്കുന്ന തലയാഴം പഞ്ചായത്തിലെ വാക്കേത്തറ മേഖലയ്ക്കു ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാന്‍ സ ര്‍ക്കാര്‍ ദീര്‍ഘ വീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ സാധിക്കും. ഇതിനു പഞ്ചായത്ത് തന്നെ മുന്നിട്ടിറങ്ങണം. ഫണ്ടിന്റെ കുറവ് പരിഹരിക്കാന്‍ എംപി, എംഎല്‍എ എന്നിവരുടെയെല്ലാം വികസന ഫണ്ടുകളും നേടിയെടുക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it