Sports

ചെടികളുടെ മനസ്സു കണ്ട ശാസ്ത്രജ്ഞന്‍

ചെടികളുടെ മനസ്സു കണ്ട  ശാസ്ത്രജ്ഞന്‍
X






jagatheesh-chandrabose

ജോസ് ചന്ദനപ്പള്ളി

ശ്വാസകോശമില്ലെങ്കിലും ചെടികളും മരങ്ങളും ശ്വസിക്കുന്നുണ്ട്. ഹൃദയമില്ലെങ്കിലും അവ വേരില്‍നിന്നു മുകളറ്റം വരെ ദ്രാവകങ്ങള്‍ എത്തിക്കുന്നു. നാം തൊട്ടാല്‍ സസ്യങ്ങള്‍ അതറിയുന്നു. മുറിവേല്‍പിച്ചാല്‍ അവയ്ക്കു വേദനിക്കുന്നു. ഇത് ഇന്ന് ആരും അവിശ്വസിക്കുന്നില്ല. എന്നാല്‍, കുറേക്കാലം മുമ്പ് ഇങ്ങനെയായിരുന്നില്ല ശാസ്ത്രജ്ഞന്‍മാരുടെ നിലപാട്. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നത് മണ്ടത്തരമായാണ് വിവരമുള്ളവര്‍ എന്നു ഭാവിച്ചവര്‍ പോലും ധരിച്ചിരുന്നത്. അതു തിരുത്തിയത് ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്- ജഗദീഷ് ചന്ദ്രബോസ്.
ജന്തുക്കളിലും സസ്യങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനപരമായി സാദൃശ്യമുണ്ടോ എന്നതിനെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയത് അദ്ദേഹമാണ്.

ജന്തുക്കള്‍ക്കൊപ്പം സസ്യങ്ങളെയും നിരീക്ഷിച്ചപ്പോള്‍ സസ്യങ്ങള്‍ എങ്ങനെയായിരിക്കും ബാഹ്യപ്രേരണകളോടു പ്രതികരിക്കുക എന്ന സംശയമുണ്ടായി. ഈ വഴിക്കുള്ള അന്വേഷണം അവസാനിച്ചത് അവയുടെ പ്രതികരണശേഷി മനസ്സിലാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളുടെ രൂപകല്‍പനയിലാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ക്രെസ്‌കോഗ്രാഫ് എന്ന ഉപകരണത്തിലൂടെ സസ്യങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും ജെ സി ബോസ് ശാസ്ത്രലോകത്തിനു കാട്ടിക്കൊടുത്തു.



ക്രെസ്‌കോഗ്രാഫ്





cresograph1



സ്യവളര്‍ച്ചാനിരക്ക് അളക്കാന്‍ സഹായിക്കുന്ന ക്രെസ്‌കോഗ്രാഫ്  സസ്യശാസ്ത്രരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. ഒച്ചിന്റെ വേഗത്തേക്കാള്‍ ഇരുപതിനായിരം മടങ്ങു കുറഞ്ഞ തോതിലുള്ള സസ്യവളര്‍ച്ച പോലും രേഖപ്പെടുത്താന്‍ സാധിക്കുന്ന ഉപകരണമാണ് ക്രെസ്‌കോഗ്രാഫ്. ഒരറ്റത്ത് ചെടിയുടെ തലപ്പത്തു ഘടിപ്പിച്ചിരിക്കുന്ന വയറുകളും മറ്റേയറ്റത്തു കരിപിടിപ്പിച്ച ഒരു ഫലകത്തില്‍ ചലിക്കുന്ന ചെറുസൂചിയും അതു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ക്ലോക്ക്‌വര്‍ക്ക് വിദ്യയുമുള്ള ഒരു            ഉപകരണം.



ശാസ്ത്രജ്ഞരെ ഞെട്ടിക്കുന്നു





microwave diagrem
1901 മെയ് 10. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഹാളില്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരുടെ സമ്മേളനം നടക്കുന്നു. അക്കൂട്ടത്തില്‍ ഇന്ത്യക്കാരനായ ജെ സി ബോസുമുണ്ട്. സസ്യങ്ങളുടെ പല പ്രവര്‍ത്തനങ്ങളും അടിസ്ഥാനപരമായി ജന്തുക്കളുടേതു പോലെയാണ് എന്നു സിദ്ധാന്തിച്ചുകൊണ്ട് ബോസ് പ്രസംഗിച്ചു. പല ശാസ്ത്രജ്ഞരുടെയും മുഖത്ത് അപ്പോള്‍ പരിഹാസച്ചിരിയായിരുന്നു.
എന്നാല്‍, പ്രസംഗത്തിനു ശേഷം ബോസ് തന്റെ കോട്ടിനുള്ളില്‍ നിന്ന് താന്‍ നേരത്തേ കണ്ടുപിടിച്ച ക്രെസ്‌കോഗ്രാഫ് ഉപകരണം പുറത്തെടുത്തു. അത് ഉപയോഗിച്ച് സസ്യങ്ങളുടെ സ്പന്ദനങ്ങളും പ്രതികരണങ്ങളും അദ്ദേഹം ശാസ്ത്രജ്ഞര്‍ക്ക് കാട്ടിക്കൊടുത്തു. ചെടി വളരുമ്പോള്‍ ഉണ്ടാകുന്ന ചെറുചലനങ്ങള്‍ ക്രെസ്‌കോഗ്രാഫിന്റെ സൂചിയെ ചലിപ്പിക്കുകയും ആ ചലനങ്ങള്‍ ഫലകത്തിലെ കരിയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. റോയല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞരെല്ലാം അമ്പരന്നുപോയി. തന്റെ നിരീക്ഷണങ്ങളെല്ലാം അദ്ദേഹം പ്രസിദ്ധീകരിച്ചെങ്കിലും അതിന് ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല.

സസ്യങ്ങള്‍ ശ്വസിക്കുകയും മണ്ണില്‍ നിന്നു പോഷകങ്ങള്‍ വലിച്ചെടുക്കുകയും സ്പര്‍ശനത്തോടു പ്രതികരിക്കുകയും മയക്കുമരുന്നു കൊടുത്താല്‍ മയങ്ങുകയും രോഗം വന്നാല്‍ ക്ലേശിക്കുകയും ചെയ്യുന്നുണ്ടെന്നും ബോസ് തെളിയിച്ചു. സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ ജീവനുണ്ടെന്നും അവ ബാഹ്യപ്രേരണകളോടു പ്രതികരിക്കുമെന്നും അദ്ദേഹം തെളിയിച്ചത് തൊട്ടാവാടി, രാമനാമപ്പച്ച,  ആമ്പല്‍ എന്നിവയില്‍ നടത്തിയ  പരീക്ഷണങ്ങളിലൂടെയായിരുന്നു.

സസ്യങ്ങള്‍ ശ്വസിക്കാറുണ്ടെന്നും അവ വലിച്ചെടുക്കുന്ന ജലം വേരു മുതല്‍ നാമ്പു വരെ എത്താറുണ്ടെന്നും അദ്ദേഹം തെളിയിച്ചു. ബാഹ്യ പ്രചോദനങ്ങളോട് പ്രതികരിക്കുമ്പോള്‍ കോശങ്ങള്‍ തമ്മില്‍ വൈദ്യുത സിഗ്നലുകള്‍ കൈമാറാറുണ്ടെന്നായിരുന്നു ജഗദീഷിന്റെ കണ്ടെത്തല്‍. സസ്യങ്ങളിലെ ജലാഗിരണം, സൈലം വഴി മുകളിലേക്കുള്ള ജലത്തിന്റെ ചലനം എന്നിവയും അദ്ദേഹം കണ്ടെത്തി. 1923ല്‍ ഇതിനായി അദ്ദേഹം മുന്നോട്ടുവച്ച സിദ്ധാന്തം വൈറ്റല്‍ ഫോഴ്‌സ് (ഢശമേഹ എീൃരല) എന്ന പേരിലറിയപ്പെടുന്നു. ഈ സിദ്ധാന്തവുമായി ബന്ധപ്പെട്ട് അദ്ദേഹം ഇലക്ട്രിക് ഫ്രോബ് എന്ന ഒരു ഉപകരണവും രൂപകല്‍പന ചെയ്തു.



റേഡിയോ ശാസ്ത്രത്തിന്റെ പിതാവ്

റേഡിയോ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ബോസിന്റെ ശ്രദ്ധേയമായ കണ്ടുപിടിത്തം വൈദ്യുത കാന്തികത(ഋഹലരൃേീ ങമഴിലശോെ)യെ സംബന്ധിച്ചുള്ളതാണ്. 1895ല്‍ വൈദ്യുത കാന്തിക തരംഗങ്ങളുടെ വയര്‍ലെസ് പ്രേഷണം വിജയകരമായി പ്രവര്‍ത്തിപ്പിച്ചുകാണിച്ചു. സ്വന്തമായി നിര്‍മിച്ച ട്രാന്‍സ്മിറ്ററും ഡിറ്റക്ടറും 75 അടി അകലത്തില്‍ വച്ച്, അവയ്ക്കിടയില്‍ കല്‍ക്കത്തയിലെ ബ്രിട്ടിഷ് പട്ടാളമേധാവി ലഫ്റ്റനന്റ് ജനറല്‍ മെക്കന്‍സിയെ നിര്‍ത്തി ദൂരെ പ്രതിഷ്ഠിച്ച വെടിമരുന്നില്‍ നിന്നു സ്‌ഫോടനമുണ്ടാക്കി. അങ്ങനെ മൈക്രോവേവുകള്‍ ഉപയോഗിച്ച് വെടിമരുന്നിനു തീപിടിപ്പിക്കാമെന്നും മണിമുഴക്കാമെന്നും ബോസ് പൊതുജനമധ്യേ തെളിയിച്ചു. ലോകത്തെ ആദ്യത്തെ വയര്‍ലെസ് ഉപകരണം കണ്ടുപിടിച്ചത് ബോസായിരുന്നു.






ചെടികള്‍ക്കു നാവു നല്‍കിയ  ഋഷിവര്യന്‍




മൂകരായ ചെടികള്‍ക്കു നാവു നല്‍കിയ ഋഷിവര്യന്‍ എന്നാണ് മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ ജെ സി ബോസിനെ വിശേഷിപ്പിച്ചത്. സ്വാമി വിവേകാനന്ദന്‍ ബോസിനെ 'ഇന്ത്യയുടെ വീരപുത്രന്‍' എന്നു വിശേഷിപ്പിച്ചു. 'ഏറ്റവും മഹാനായ ജീവശാസ്ത്രജ്ഞന്‍' എന്ന് ജോര്‍ജ് ബെര്‍ണാഡ് ഷായും വിശേഷിപ്പിച്ചു.

1917ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് വിശിഷ്ട സേവനത്തിനുള്ള അത്യുന്നത ബ്രിട്ടിഷ് ബഹുമതിയായ പ്രഭുപദവി നല്‍കി ബോസിനെ ആദരിച്ചു. 1920ല്‍ അദ്ദേഹത്തിനു റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് നല്‍കി. മഹാത്മാഗാന്ധി, നെഹ്‌റു, ടാഗൂര്‍, സ്വാമി വിവേകാനന്ദന്‍, രാജാറാം മോഹന്‍ റോയി, ഗോപാലകൃഷ്ണ ഗോഖലെ, സിസ്റ്റര്‍ നിവേദിത തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ബോസിന്റെ 70ാം പിറന്നാളാഘോഷം ദേശീയഗാനം പാടിക്കൊണ്ട് ഉദ്ഘാടനം ചെയ്തത് ദേശീയഗാനത്തിന്റെ രചയിതാവായ ടാഗൂര്‍ തന്നെയായിരുന്നു.





അന്നു കല്‍ക്കത്ത യൂനിവേഴ്‌സിറ്റിയിലെ പരിമിതമായ സൗകര്യത്തില്‍ അദ്ദേഹം നിര്‍മിച്ച ഉപകരണങ്ങളുടെ എണ്ണം ആരെയും അദ്ഭുതപ്പെടുത്തും. ഇറ്റാലിയന്‍-ഐറിഷ് ശാസ്ത്രജ്ഞനായ മാര്‍ക്കോണിയാണ് റേഡിയോയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നതെങ്കിലും അദ്ദേഹത്തിനു മുമ്പുതന്നെ ബോസ് ഇതു കണ്ടെത്തിയിരുന്നു. 1896ലാണ് മാര്‍ക്കോണി തന്റെ ടെലിഗ്രാഫ് യന്ത്രം ബ്രിട്ടിഷ് പോസ്റ്റ്ഓഫിസില്‍ പ്രദര്‍ശിപ്പിച്ചതും ആ കണ്ടു പിടിത്തത്തിന് പേറ്റന്റ്  നേടിയതും. എന്നാല്‍, ബോസ് ഇതിന്റെ സാങ്കേതികവിദ്യ പേറ്റന്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. മറ്റുള്ളവര്‍ തന്റെ കണ്ടുപിടിത്തം പൊതുജനോപകാരപ്രദമായി ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മാര്‍ക്കോണിയെ നേരിട്ടു കണ്ട അവസരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ബോസ് അവതരിപ്പിച്ച വയര്‍ലെസ് സംവിധാനത്തിന്റെ ആദ്യ മാതൃകയുടെ ചില ശാസ്ത്രവശങ്ങള്‍ താന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് മാര്‍ക്കോണി പിന്നീട് പറയുകയുണ്ടായി.



ജീവിതരേഖ



1858 നവംബര്‍ 30ന് കിഴക്കന്‍ ബംഗാളിലെ ബിക്രംപൂരില്‍ (ഇപ്പോള്‍ ബംഗ്ലാദേശില്‍) ആണ് ജഗദീഷ് ചന്ദ്രബോസ് ജനിച്ചത്. പിതാവ് ഭഗവാന്‍ ചന്ദ്രബോസ്. മാതാവ്: ഭാമസുന്ദരീദേവി. ധക്കയിലെ ഒരു ഇംഗ്ലീഷ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ മകനായി ജനിച്ച ജഗദീഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ഫരീദ്പൂര്‍ എന്ന ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു.

പിന്നീട് കല്‍ക്കത്തയിലെ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലും കോളജിലും പഠിക്കുമ്പോഴും ഗ്രാമത്തില്‍ താമസിക്കാന്‍ ജഗദീഷ് ആവേശം കാട്ടി.  അവിടെ ശാസ്ത്രാധ്യാപകനായിരുന്ന യൂജിന്‍ ലാഫോണ്ടുമായുള്ള ബന്ധം സസ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും ബോസിനു കൂടുതല്‍ താല്‍പര്യമുണ്ടാക്കി.1879ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കേംബ്രിജിലെ ക്രൈസ്റ്റ് കോളജില്‍ ഫിസിക്‌സ് പഠനം ആരംഭിച്ചു. കല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ ഫിസിക്‌സ് പ്രഫസറായി ജോലി ചെയ്യുമ്പോഴും ജെ സി ബോസ്  ഗവേഷണങ്ങള്‍ തുടര്‍ന്നു.

വൈദ്യുതകാന്തിക തരംഗങ്ങളെക്കുറിച്ച് എഴുതിയ ഗവേഷണപ്രബന്ധത്തിനു 1896ല്‍ ലണ്ടന്‍ സര്‍വകലാശാല അദ്ദേഹത്തിന് ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദം നല്‍കി. ഫിസിക്‌സിലാണ് ബിരുദവും ഡോക്ടര്‍ ബിരുദവും എടുത്തതെങ്കിലും ബോസ്  ഗവേഷണങ്ങള്‍ ആ വിഷയത്തില്‍ ഒതുക്കിയില്ല. ചെറുപ്പം മുതല്‍ തന്റെ ഇഷ്ടവിഷയമായിരുന്ന സസ്യശാസ്ത്രത്തില്‍ അദ്ദേഹം നിരന്തരം ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

1916ല്‍ സര്‍ പദവി ലഭിച്ചു. 1917ല്‍ കല്‍ക്കത്തയില്‍ ബോസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു. 1937 നവംബര്‍ 23ന് ജഗദീഷ് ചന്ദ്രബോസ് അന്തരിച്ചു.

Next Story

RELATED STORIES

Share it