kozhikode local

ചെങ്ങോട്ടുമലയില്‍ ക്വാറി വേണ്ടെന്ന് ഗ്രാമസഭ

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോട്ടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങരുതെന്ന് രണ്ടാം വാര്‍ഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. ക്വാറിക്കും ക്രഷറിനുമെതിരേ പി കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം 49 നെതിരേ 342 വോട്ടുകള്‍ക്കാണ് പാസായത്. വാര്‍ഡിലെ വോട്ടര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച് ചെങ്ങോടുമല വിഷയം മാത്രം ചര്‍ച്ച ചെയ്യാന്‍ പ്രത്യേകഗ്രാമ സഭ വിളിച്ചു ചേര്‍ക്കുകയായിരുന്നു.
വാര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആളുകള്‍ ഗ്രാമസഭയില്‍ പങ്കെടുക്കുന്നത്. ഗ്രാമസഭയില്‍ പങ്കെടുത്തത് 75 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. പരിസ്ഥിതിദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങാന്‍ ഡെല്‍റ്റ റോക്‌സ് പ്രൊഡക്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് ശ്രമം നടത്തുന്നത്. ക്വാറിക്ക് ആളുകളെ അനുകൂലമാക്കുന്നതിന് സ്വകാര്യ കമ്പനി സ്ത്രീകള്‍ ഉള്‍പ്പെടെ കുറച്ചു പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് ഖനനത്തിനു നല്‍കിയ പാരിസ്ഥിതികാനുമതി പുനപ്പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഹമീദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ മലയില്‍, കെ കെ സുജിത്ത്, അസി. സെക്രട്ടറി വിനോദ് കുമാര്‍, കോ-ഓഡിനേറ്റര്‍ രഞ്ജിത്ത്, ഗ്രാമപ്പഞ്ചായത്തംഗം ടി കെ രഗിന്‍ ലാല്‍ സംസാരിച്ചു. പ്രമേയം പാസായതില്‍ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it