kozhikode local

ചെങ്ങോടു മലയില്‍ ഖനനം പാടില്ലെന്ന് ബിഎംസി റിപോര്‍ട്ട്‌

പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം ഒരിക്കലും അനുവദിക്കരുതെന്ന് കോട്ടൂര്‍ ജൈവവൈവിധ്യ പരിപാലന സമിതി (ബിഎംസി) നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. കോട്ടൂര്‍, കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മല നാല് നീര്‍ത്തടങ്ങളെ ഉള്‍ക്കൊള്ളുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ആറ് കിലോമീറ്റര്‍ നീളമുള്ള മല ഒട്ടനവധി സസ്യങ്ങളുടേയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷി ജന്തുവര്‍ഗ്ഗങ്ങളുടേയും ആവാസ കേന്ദ്രമാണ്. നന്നാറി, അവില്‍ പൊരി, നീര്‍മരുത്, ചെറുള, കൂവളം, തഴുതാമ, പെരുങ്കുറമ്പ, കുടകപ്പാല, ഏഴിലം പാല, കീഴാര്‍ നെല്ലി  തുടങ്ങി ഒട്ടനവധി ഔഷധസസ്യങ്ങള്‍ ചെങ്ങോടു മലയില്‍ ധാരാളമുണ്ട്. ഇവിടെ ജൈവസമ്പുഷ്ടമായ മണ്ണാണ്ണെന്നും റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ഏകദേശം അഞ്ച് മീറ്റര്‍ വരെ ആഴത്തില്‍ ഫലഭൂയിഷ്ടമായ കറുത്ത മണ്ണാണ് ചെങ്ങോടുമലയിലുള്ളത്. മഴക്കാലത്ത് ഈ മണ്ണ് തടഞ്ഞു നിര്‍ത്തുന്ന വെള്ളമാണ് ചെങ്ങോടുമലയുടെ താഴ് വാരത്തെ ജലസ്രോതസ്സുകളിലെ ഉറവകള്‍ക്കാധാരം. മേല്‍മണ്ണ് നീക്കം ചെയ്ത് പാറ ഖനനം ചെയ്യുന്നത് സമീപ പ്രദേശങ്ങളെ കൊടും വരള്‍ച്ചയിലേക്ക് തള്ളിവിടും. ഈ മലയുടെ കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളില്‍ പ്രകൃതിദത്തമായ സ്വാഭാവിക നീരുറവകള്‍ ഒട്ടനവധിയുണ്ട്.
പൂതയില്‍ മീത്തല്‍, കള്ളാത്തറ, പൂവ്വത്തുംചോല, പുളിയാംപൊയില്‍, ചെന്നാട്ടുകുഴി, മുട്ടമ്മല്‍ മീത്തല്‍, അരയമ്മാട്ട്, വേയപ്പാറ എന്നിവിടങ്ങളില്‍ സ്വാഭാവിക നീരുറവകള്‍ സ്ഥിതി ചെയ്യുന്നു. ഈ മലയുടെ കിഴക്ക് ഭാഗത്തുള്ള പൂവ്വത്തും ചോല, പടിഞ്ഞാറു ഭാഗത്തുള്ള പൂതയില്‍ എന്നിവിടങ്ങളില്‍ 1984 ല്‍ ശക്തമായ ഉരുള്‍പൊട്ടലുകളുണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
രണ്ട്, മൂന്ന്, നാല് വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന പോത്തങ്ങല്‍ താഴെ, എരഞ്ഞോളി താഴെ, തച്ചറോത്ത് താഴെ, വെങ്ങപ്പറ്റ താഴെ എന്നീ ശുദ്ധജല വിതരണ കിണറുകളുടെ ഉറവ ചെങ്ങോടു മലയില്‍ നിന്ന് ഉദ്ഭവിക്കുന്നതാണെതെന്നും റിപോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു. എ ദിവാകരന്‍ നായര്‍ ചെയര്‍മാനായ കമ്മീഷനാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ബിഎംസി റിപോര്‍ട്ട് പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
Next Story

RELATED STORIES

Share it