kozhikode local

ചെങ്ങോടുമല സംരക്ഷണത്തിന് കലക്ടറേറ്റ് മാര്‍ച്ച്

കോഴിക്കോട്: കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറി ക്രഷര്‍ ഉപേക്ഷിക്കണമെന്നും കുടിവെള്ള ടാങ്ക് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതി കലക്ടറേറ്റ് മാര്‍ച്ചും ചെങ്ങോടുമല സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമല സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രം കൂടിയാണ് ചെങ്ങോടുമലയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് അംഗം ടി കെ രഗിന്‍ലാല്‍ അധ്യക്ഷത വഹിച്ചു.
കവി പി കെ ഗോപി, വിജയരാഘവന്‍ ചേലിയ, കവി വീരാന്‍ കുട്ടി, രാധന്‍ മൂലാട്, പ്രശാന്ത് നരയംകുളം, എ ദിവാകരന്‍ നായര്‍, മഹേഷ് ടി പി, കെ പി പ്രകാശന്‍, വി എം അഷ്‌റഫ് സംസാരിച്ചു. ചെങ്ങോടുമലയിലെ 110 ഏക്കറോളം സ്ഥലത്ത് ഡെല്‍റ്റ റോക്ക് പ്രൊഡക്റ്റ് കമ്പനി ക്വാറിയും ക്രഷറും തുടങ്ങാന്‍ നടത്തുന്ന നീക്കത്തിനെതിരേയായിരുന്നു പ്രതിഷേധം.
ഇവിടെ ക്വാറി സ്ഥാപിക്കു ന്നത് കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം, പുളിയോട്ടുമുക്ക്, മൂലാട്, കൂട്ടാലിട, അവിടനല്ലൂര്‍, കോളിക്കടവ് തുടങ്ങിയ പ്രദേശങ്ങളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിര്‍ണയിക്കുന്നതിലും മുഖ്യപങ്കുവഹിക്കുന്ന ചെങ്ങോടുമലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവും.
മഞ്ഞള്‍ കൃഷി തുടങ്ങാനെന്ന വ്യാജേന വാങ്ങിയ സ്ഥലത്ത് ക്വാറി-ക്രഷര്‍ യൂനിറ്റ് സ്ഥാപിക്കുന്നതിനും പാറഖനനം നടത്തുന്നതിനും സ്‌ഫോടകവസ്തു സൂക്ഷിക്കുന്നതിനും കമ്പനി അനുമതി നേടുകയായിരുന്നു. ഇവിടെ ഖനനത്തിന് അനുമതി നല്‍കുന്നത് പ്രദേശത്തെ ശുദ്ധജല ലഭ്യതയെ വരെ ബാധിക്കും. മലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി ക്വാറി മാഫിയ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. മലബാര്‍ വന്യജീവി സങ്കേതത്തിന് സമീപം ഒറ്റപ്പെട്ട് കിടക്കുന്ന ഈ വന്‍മല നിരവധി വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും ആവാസകേന്ദ്രം കൂടിയാണ്. ഈ സാഹചര്യത്തിലാണ് ചെങ്ങോടുമല സംരക്ഷിക്കാനായി നാട്ടുകാര്‍ പോരാട്ടം ശക്തമാക്കിയിട്ടുള്ളത്.
അതിനിടെ, കഴിഞ്ഞ ദിവസം ചെങ്ങോടുമല ഖനന വിരുദ്ധ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. മര്‍ദനമേറ്റ നാലുപേര്‍ക്കെതിരേ കൂരാച്ചുണ്ട് പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഖനന മാഫിയയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പോലിസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it