Pathanamthitta local

ചെങ്ങറ സമരഭൂമിയില്‍ കഴിയുന്നവരെ തീവ്രവാദികളാക്കി പുറത്താക്കാന്‍ ശ്രമം



പത്തനംതിട്ട: പത്ത് വര്‍ഷമായി സമാധാനപരമായി ഭൂമിക്ക് വേണ്ടി സമരം നടത്തുന്ന ചെങ്ങറ സമരഭൂമിയില്‍ കഴിയുന്നവരെ തീവ്രവാദികളാക്കി പുറത്താക്കാന്‍ ശ്രമം നടക്കുന്നതായി ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലീന പ്രക്കാനം, ചെങ്ങറ ഭൂസമര സമിതി കണ്‍വീനര്‍ ടി ആര്‍ ശശി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2007ല്‍ സമരം ആരംഭിക്കുമ്പോള്‍ സിപിഎമ്മും തോട്ടം തൊഴിലാളികള്‍ എന്ന വ്യാജേന ഹാരിസണ്‍ കമ്പനിയുടെ ആളുകളും മറ്റും ചേര്‍ന്ന് ഉപരോധം തീര്‍ത്തിരുന്നു. വെള്ളവും ഭക്ഷണവും വൈദ്യസഹായവും അടക്കം നിഷേധിച്ചിട്ടും സഹനസമരത്തിലൂടെയാണ് അതിജീവിച്ചത്. ഇപ്പോള്‍ വീണ്ടും സമരം തകര്‍ക്കാര്‍ സിപിഎം ശ്രമിക്കുന്നതായി അവര്‍ ആരോപിച്ചു. സമരഭൂമിയില്‍ കടന്നുകൂടിയ സിപിഎം അനുഭാവികളായ ചിലരാണ് ഇതിന് പിന്നില്‍. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പോലിസിനെ ഉപയോഗിക്കാനാണ് നീക്കം. പ്രകോപനം സൃഷ്ടിക്കുമെന്നതിനാല്‍ ഒരു രാഷ്്ട്രിയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമെടുത്തതാണ്. ഇത് ലംഘിച്ചതിനെ ചോദ്യം ചെയ്തതിനാണ് സമരസമിതി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.  അവിടെ ആയുധശേഖരമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. പോലിസിനെയോ സര്‍ക്കാര്‍ പ്രതിനിധികളെയോ തടയാറില്ല. എന്നാല്‍, പുതിയ കൈയേറ്റക്കാര്‍ എത്തിയാല്‍ തടയുമെന്നും അവര്‍ പറഞ്ഞു. വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ വൈകീട്ട്് മൂന്നിന് പത്തനംതിട്ടയില്‍ പ്രതിഷേധ മാര്‍ച്ചും പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡിന് സമീപം പൊതുസമ്മേളനവും നടത്തും. പരിപാടി പി സി ജോര്‍ജ് എംഎല്‍എ ഉദ്്ഘാടനം ചെയ്യും. ഡിഎച്ച്ആര്‍എം ജോയിന്റ്് സെക്രട്ടറി സജി കൊല്ലം, സാധു വിമോചന സംയുക്ത വേദി പ്രസിഡന്റ്് തോന്ന്യാമല രാഘവന്‍, കെ ബി മാനേജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it