Flash News

ചെങ്ങറ : പുനരധിവാസത്തിന് ഏഴു വര്‍ഷം ; വാഗ്ദത്ത ഭൂമിക്ക് പട്ടയം നല്‍കിയില്ല



അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ചെങ്ങറ സമരക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് പുല്ലൂര്‍-പെരിയയില്‍ താമസം തുടങ്ങിയ 85 കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിച്ചില്ല. 2010ല്‍ പെരിയ വില്ലേജിലെ റീസര്‍വേ നമ്പര്‍ 10/0341ല്‍പെട്ട ചെങ്കല്‍പ്പാറ നിറഞ്ഞ പ്രദേശത്ത് 85 കുടുംബങ്ങള്‍ താമസം തുടങ്ങിയിരുന്നു. ഏഴു വര്‍ഷമായി അനുവദിക്കപ്പെട്ട ഭൂമിക്ക് നികുതി സ്വീകരിക്കാനോ പട്ടയം നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. 2010ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ചെങ്ങറ പുനരധിവാസ പദ്ധതി ആരംഭിച്ചത്. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് താമസിക്കാന്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തി ല്‍ 85 വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നു. 50 സെന്റ് മുതല്‍ 75 സെന്റ് വരെയാണ് ഓരോ കുടുംബത്തിനും ഭൂമിയായി അനുവദിച്ചിരുന്നത്. എന്നാല്‍, ഭൂമി അനുവദിച്ചുവെന്നു രേഖപ്പെടുത്തിയ രേഖയല്ലാതെ മറ്റ് ഔദ്യോഗിക രേഖകളൊന്നും ഇവര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വില്ലേജ് ഓഫിസില്‍ ഭൂനികുതി സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളും തങ്ങള്‍ക്കു ലഭിക്കുന്നില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു.തൊഴിലുറപ്പുപദ്ധതിയി ല്‍ പോലും തങ്ങള്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സമുണ്ട്. 11.37 കോടി രൂപ ചെലവില്‍ ഇവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കാന്‍ നേരത്തേ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചിരുന്നു. 300 സ്‌ക്വയര്‍ ഫീറ്റ് പോലും വിസ്തൃതിയില്ലാത്ത വീടുകളാണ് നിര്‍മിച്ചുനല്‍കിയതെന്നും ഇടനിലക്കാര്‍ ഇടപെട്ട് വന്‍തുക കൈപ്പറ്റിയെന്നും കോളനിവാസികള്‍ ആരോപിച്ചു. കുടിവെള്ളം ലഭ്യമാക്കുന്നതിനായി 1.74 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ടു കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ഇടനിലക്കാര്‍ ആ പണവും  തട്ടിയെടുത്തു. കെ ആര്‍ നാരായണന്‍ കോ-ഓപറേറ്റീവ് വില്ലേജസ് സെറ്റില്‍മെന്റ് റീഹാബിലിറ്റേഷന്‍ എന്ന പേരിലുള്ള ഒരു സൊസൈറ്റിക്കാണ് വീടുകളുടെയും മറ്റും നിര്‍മാണ ചുമതല നല്‍കിയത്. 10 വര്‍ഷം വരെ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, താമസം തുടങ്ങി ഏഴു വര്‍ഷമായിട്ടും ഇവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളോ ഭൂമിയുടെ രേഖയോ ലഭിച്ചിട്ടില്ല.മാത്രവുമല്ല, മരിച്ചാ ല്‍ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളും തങ്ങള്‍ക്കില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. പട്ടയത്തിനു വേണ്ടി ജില്ലാ ഭരണകൂടത്തെ സമീപിക്കുമ്പോ ള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തിരിച്ചയക്കുകയാണ്. 2016 നവംബര്‍ 4നു മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാ ല്‍, കലക്ടര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി 13നു കാഞ്ഞങ്ങാട്ട് പട്ടയമേള നടക്കുമ്പോള്‍ തങ്ങളുടെ കാര്യം കൂടി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബിനാമിയെ ഉപയോഗിച്ച് കമ്മീഷന്‍ പറ്റിയ സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും കോളനിവാസികള്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുമെന്നും ഭാരവാഹികളായ കെ തങ്കപ്പന്‍, ലീല ശശി, കല്ലമ്പലം ഓമന, സാമുവല്‍, വി സി മണിയന്‍ എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it