Pathanamthitta local

ചെങ്ങറ: അനിശ്ചിതകാല സത്യഗ്രഹ സമരം 36ാം ദിവസത്തിലേക്ക്

പത്തനംതിട്ട: കണ്ണും കാതും തുറക്കാത്ത ഭരണകൂടങ്ങള്‍ക്കെതിരേയുള്ള ചെങ്ങറ സമരക്കാരുടെ കലക്ടറേറ്റ് പടിക്കലെ അനശ്ചിതകാല സമരം 36 ദിവസം പിന്നിടുന്നു. ഇതിനോടൊപ്പം സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിനും ജില്ലയില്‍ ഇന്ന് തുടക്കമാവും. ഇതൊന്നും കാണാതെ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ഇന്ന് സ്ഥാനമൊഴിയും.
സമരക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള കലക്ടറുടെ ശ്രമത്തെ രാഷ്ട്രീയമായി അട്ടിമറിച്ചാണ് സമരക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വന്തം പാര്‍ട്ടി വ്യക്്തമാക്കിയത്. 2007 ആഗസ്ത് നാലിന് ആരംഭിച്ച ചെങ്ങറ ഭൂസമരത്തിന്റെ ഭാഗമായതുകൊണ്ടാവണം പരിഹരിക്കാനാകാത്ത വിഷയം എന്ന നിലയില്‍ മന്ത്രിസഭ വാര്‍ഷികത്തിന്റെ തിരക്കിനിടയില്‍ കലക്ടറേറ്റ് പടിക്കലെ സമരക്കാരെ അധികൃതര്‍ അവഗണിച്ചത്.
നടപ്പാത കൈയേറി കുടില്‍ കെട്ടിയത് നിയമവിരുദ്ധമെങ്കില്‍ അതിനെതിരെയും നടപടിയില്ല. മഴയും വെയിലും അനുഭവിച്ച് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ സ്ത്രീകളും കുട്ടികളും അടക്കം സമരത്തിന്റെ ഭാഗമാവുന്നത്. പ്രശ്‌നത്തിന് പരിഹാരം കാണേണ്ട ജില്ലാ ഭരണകൂടത്തിന് രാഷ്ട്രീയ വിവാദങ്ങളില്‍പ്പെട്ട് ഇടപെടല്‍ അസാധ്യവുമായി. ഇതോടെ ചെങ്ങറ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട കലക്ടറേറ്റ് പടിക്കലും സ്ഥിരം സമരവേദി ഉണ്ടാകുകയാണ്. സമരങ്ങള്‍ക്ക് പിന്നില്‍ ദലിത്-ആദിവാസി തീവ്രവാദമാണെന്ന പതിവു ഇന്റലിജന്‍സ് റിപോര്‍ട്ട് ഈ സമരത്തിനും ലഭിച്ചിട്ടുണ്ട്.
സമരക്കാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന വിചിത്രവാദവും ഇവര്‍ നിരത്തുന്നു. അതിനാല്‍ തന്നെ സമരഭുമിയില്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ച് റിപോര്‍ട്ട് നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമായി അധികൃതര്‍ക്ക്. ചെങ്ങറ സമര ഭൂമിയില്‍ താമസിക്കുന്ന 598 കുടുംബങ്ങളുടെ പാഥമിക ആവശ്യങ്ങള്‍ നിറവേറ്റി നല്‍കണമെന്ന പട്ടിക ജാതി, വര്‍ഗ വികസന ഗോത്രവര്‍ഗ കമ്മീഷന്റെ ഉത്തരവ് പഞ്ചായത്ത് മുഖേന ചെങ്ങറയില്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചെങ്ങറ നിവാസികള്‍ സമരവുമായി കലക്ടറേറ്റ്  പടിക്കലെത്തിയത്. എന്നാല്‍ ഇത്രയും ദിവസം പിന്നിട്ടിട്ടും ജില്ലാ ഭരണകൂടം ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കുട്ടികളും സ്ത്രീകളും പുരുഷന്‍മാരും പ്രായമായവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
35 ദിവസം പിന്നിടുമ്പോഴും ഭരണകൂടത്തിന്റെ പക്കല്‍ നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തത് മനുഷ്യത്വപരമല്ലെന്നാണ് സമരക്കാരുടെ പ്രതികരണം. താമസിക്കുന്ന പുരയിടത്തിന് വീട്ടു നമ്പരും റേഷന്‍ കാര്‍ഡും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശുചിമുറികളും കൊച്ചുകുട്ടികള്‍ക്കായി അങ്കണവാടികളും നല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ തങ്ങളെ ചെങ്ങറയില്‍ നിന്നു തന്നെ കുടിയൊഴിപ്പിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം ഒരുകാലത്തും അനുവദിച്ചു കൊടുക്കില്ലന്നും ഇനി മരിക്കേണ്ടി വന്നാലും അവകാശങ്ങള്‍ നേടിയെടുക്കുന്നതു വരെ സമരത്തില്‍ നിന്നും പിന്മാറില്ലന്നും സമര കണ്‍വീനര്‍ കൂടിയായ സത്യന്‍ മുണ്ടയ്ക്കല്‍ പറയുന്നു. സമരക്കാരുടെ നിലവിലെ അവസ്ഥ ഏറെ ദയനീയമാണ്. പകലു പൊള്ളുന്ന ചൂടും ഉച്ചയ്ക്കു ശേഷം ശക്തമാകുന്ന മഴയുമേറ്റാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സമരക്കാര്‍ പന്തലില്‍ ചെലവഴിക്കുന്നത്.
മഴയും കാറ്റും ശക്തമാകുന്‌പോള്‍ ടാര്‍പ്പോളിന് ഉള്ളിലും മറ്റും കയറിയാണ് രക്ഷനേടുന്നത്. വൈകീട്ട് വയ്ക്കുന്ന ഭക്ഷണത്തില്‍ പൂര്‍ണമായും മഴവെള്ളം നിറഞ്ഞിരിക്കും. നേരം പുലരുന്നതിനു മുമ്പെ സ്ത്രീകള്‍ പഴയ സ്റ്റാന്‍ഡിലും, ജനറല്‍ ആശുപത്രിയിലെ ശൗചാലയങ്ങളിലുമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നു. നടപ്പാതയിലെ സമരപന്തലിനു സമീപത്തു തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും. വാഹനങ്ങളില്‍ ഉയരുന്ന പൊടിപടലങ്ങളും പുകയുമേറ്റ് കുറച്ചുപേര്‍ക്ക് ശ്വാസം മുട്ടല്‍ പോലെയുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്. ഓരോ കുടുംബത്തില്‍ നിന്നും ഒരാള്‍ വീതം ദൈനംദിനം 50 പേര്‍ സമരത്തില്‍ പങ്കാളിയാവും. കൊച്ചു കുട്ടികള്‍ ഉള്‍പ്പടെ മുദ്രാവാക്യങ്ങളുമായി സമരപന്തലിന്റെ മുമ്പില്‍ തന്നെയുണ്ട്. തൊണ്ടപൊട്ടി വിളിച്ചാലും അധികാരികളുടെ കണ്ണും കാതും തുറക്കുന്നില്ലന്നാണ് സമരക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it