ചെങ്ങന്നൂര്‍ വിജയം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയനിലപാടുകള്‍ക്കുള്ള പിന്തുണയുടെ വിളംബരമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദര്‍ശനമായി വിജയത്തെ കാണുന്നു. ജനാധിപത്യവും വികസനവും മുന്നില്‍ക്കണ്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ജനങ്ങള്‍ സര്‍ക്കാരിനുനേരെ കാണിച്ച പച്ചക്കൊടിയാണീ വിജയമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായെങ്കിലും യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു പോറലും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഒരു ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ ഇടതുമുന്നണി അഹങ്കരിക്കേണ്ട. ഈ ഒറ്റവിജയത്തിലൂടെ സര്‍ക്കാരിന്റെ എല്ലാ ദുഷ്‌ചെയ്തികള്‍ക്കും ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് ധരിക്കുന്ന മുഖ്യമന്ത്രി മൂഢസ്വര്‍ഗത്തിലാണ്.  യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 1,450 വോട്ട് കൂടുതല്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, ബിജെപിയുടെ വോട്ടുകളില്‍ വന്‍ ഇടിവുണ്ടായി. ഈ വോട്ടുകള്‍ ബിജെപി ഇടതുമുന്നണിക്ക് നല്‍കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.മാണിയുടെ പിന്തുണയില്ലാതെയും ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജിയിക്കാന്‍ കഴിയുമെന്ന കാനത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാനത്തിന്റെ പ്രതികരണങ്ങള്‍ എല്‍ഡിഎഫിന്റെ നന്‍മയെ കരുതിയല്ല. ആരെയോ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതാണ് കാനത്തിന്റെ വാക്കുകള്‍. കാനത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പിണറായിയുടെ വിമര്‍ശനം.
അതേസമയം, മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതു ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരിലെ വിജയം എല്‍ഡിഎഫ് മുന്നോട്ടുവച്ച മതനിരപേക്ഷ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റത് പ്രതീക്ഷിക്കാത്ത പരാജയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ പരാജയകാരണം ഗൗരവപൂര്‍വം പരിശോധിക്കുമെന്ന്  പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തിലൂടെയും പണാധിപത്യത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും എല്‍ഡിഎഫ് നേടിയ വിജയമാണ് ചെങ്ങന്നൂരിലേതെന്ന് എം എം ഹസന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മതനിരപേക്ഷ രാഷ്ട്രീയത്തിനും സര്‍ക്കാരിന്റെ ജനക്ഷേമ വികസന നയത്തിനും ലഭിച്ച അംഗീകാരമാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു. അധികാര ദുര്‍വിനിയോഗവും ജാതിമത ശക്തികളുടെ ഏകീകരണവും കൊണ്ട് നേടിയ വിജയമാണ് ചെങ്ങന്നൂരില്‍ ഇടതുമുന്നണിയുടേതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
Next Story

RELATED STORIES

Share it