ചെങ്ങന്നൂര്‍: നാടിറങ്ങി സ്ഥാനാര്‍ഥികള്‍

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പൂര്‍ത്തിയായതോടെ വോട്ട് അഭ്യര്‍ഥിച്ചും പ്രമുഖരെ നേരില്‍ക്കണ്ടും ചെറുകുടുംബ യോഗങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാനും സ്ഥാനാര്‍ഥികള്‍ നാടിറങ്ങിത്തുടങ്ങി.
ഇടതുവലത്, എന്‍ഡിഎ ഭേദമില്ലാതെ സ്ഥാനാര്‍ഥികളെല്ലാം ആദ്യഘട്ടത്തില്‍ പ്രധാന ജനവാസ കേന്ദ്രങ്ങളിലെ സാധാരണക്കാരെയും ഇടത്തട്ടുകാരെയും പാവങ്ങളെയുമാണു നേരില്‍ കാണുന്നത്. തങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടെന്നു വരുത്തിത്തീര്‍ക്കുകയാണു ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍ അടിസ്ഥാനവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനം പ്രസംഗത്തിലും പ്രചാരണങ്ങളിലും ഉന്നയിക്കാറുണ്ടെങ്കിലും പലപ്പോഴും പ്രാവര്‍ത്തികമാക്കുന്നതില്‍ പിന്നാക്കമാണെന്ന് പൊതുവെ ആക്ഷേപമുണ്ട്. ഇതിനെ മറികടക്കാനാണു ഞങ്ങളും നിങ്ങള്‍ക്കൊപ്പം എന്ന് ബോധ്യപ്പെടുത്താന്‍ സ്ഥാനാര്‍ഥികള്‍ ഗ്രാമപ്രദേശങ്ങളില്‍ പര്യടനം നടത്തുന്നത്. തികച്ചും സാമ്പത്തിക ഉന്നമനമില്ലാത്ത ചുറ്റുപാടില്‍ അധിവസിക്കുന്ന തൊഴിലാളികളുടെ  ജീവിതം മെച്ചപ്പെടുത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നാളിതുവരെ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ഇക്കുറി ആലോചിച്ചുറപ്പിച്ചു മാത്രമെ വോട്ട് ചെയ്യുകയുള്ളൂവെന്നും തൊഴിലാളികള്‍ പറയുന്നു.
മണ്ഡലത്തിലെ മറ്റൊരു പ്രമുഖ വ്യവസായമായിരുന്നു ഇഷ്ടിക നിര്‍മാണം. പുലിയൂര്‍ ബുധനൂര്‍, എണ്ണയ്ക്കാട്, മാന്നാര്‍ എന്നിവിടങ്ങളില്‍ വ്യാപകമായിരുന്ന ഇഷ്ടികച്ചൂളകള്‍ ഇന്നു കണികാണാന്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. തൊഴിലിടങ്ങളില്‍ സമരവും അടച്ചുപൂട്ടലും പിന്തുടരാന്‍ അണികള്‍ക്ക് ആഹ്വാനം കൊടുക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളാണ് തങ്ങള്‍ക്കു വിനയായതെന്നു ചൂളയുടെ നടത്തിപ്പുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മല്‍സ്യ വിപണന രംഗത്തും ഏറെ തൊഴിലാളികളുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. എന്നാല്‍ ആരോഗ്യകരമായ ചുറ്റുപാടില്‍ മല്‍സ്യ കച്ചവടം നടത്താന്‍ മണ്ഡലത്തില്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും നിരവധി നാട്ടുചന്തകള്‍ അപ്രത്യക്ഷമായെന്നും വ്യാപാരികള്‍ പറഞ്ഞു.
മുന്നണികളോ, പാര്‍ട്ടികളോ തങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഇവരും പറയുന്നു. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കും മണ്ഡലത്തില്‍ വോട്ട്ബലമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടുറപ്പിക്കാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നതല്ലാതെ ആത്മാര്‍ഥമായ സമീപനം ആരില്‍ നിന്നും ഉണ്ടാവുന്നില്ലെന്നാണു തൊഴിലാളി പക്ഷം. ഈ സാഹചര്യങ്ങളിലാണു സ്ഥാനാര്‍ഥികള്‍ വോട്ടുതിരക്കി നാടിറങ്ങേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it