Pathanamthitta local

ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ശബരിമല ഫണ്ട് ലഭിച്ചില്ല



ചെങ്ങന്നൂര്‍: യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതു കാരണം ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ഈ വര്‍ഷത്തെ ശബരിമല മുന്നൊരുക്കങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ലഭിച്ചില്ല. ശബരിമല മുന്നൊരുക്കങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ടില്‍ 2014 - 15 വര്‍ഷം മുതലുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നഗരസഭ നല്‍കാത്തതാണ് കാരണം. 2016 മണ്ഡല-മകര വിളക്കു കാലത്തെ മുന്നൊരുക്കങ്ങള്‍ക്കായി 25 ലക്ഷം രൂപ കഴിഞ്ഞ ഒക്ടോബറില്‍ നഗരസഭയ്ക്ക് അനുവദിച്ചിരുന്നു. ഇതില്‍ 12 ലക്ഷം രൂപയുടെ മരാമത്ത് പ്രവൃത്തികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. ശുചീകരണ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചു എന്നു പറയപ്പെടുന്ന 9 ലക്ഷം രൂപയില്‍ ഗുരുതര ക്രമക്കേടാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ശബരിമല ഫണ്ട്  ബാങ്കില്‍ നിക്ഷേപിച്ചതു മുതല്‍ മരാമത്തു ജോലികളില്‍വരെ കഴിഞ്ഞ ദിവസം  ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും  ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ 2015 വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍ രണ്ടര ലക്ഷം രൂപ ഇതു വരെ ചിലവഴിക്കാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്. കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല മുന്നൊരുക്ക അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ വിട്ടു നിന്നിരുന്നു. മറ്റു പ്രതിനിധികളാരും പങ്കെടുത്തില്ല. ചെങ്ങന്നൂരിലെ ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍് നേരിട്ട് നടത്തുന്നവ പൂര്‍ത്തിയായെന്നും, നഗരസഭ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉറപ്പായും അനുവദിക്കുമെന്നും കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it