Flash News

ചെങ്ങന്നൂര്‍ താമരയുടെ തണ്ടൊടിച്ചു

ചെങ്ങന്നൂര്‍ താമരയുടെ തണ്ടൊടിച്ചു
X


ആലപ്പുഴ്: ത്രിപുരയ്ക്ക് ശേഷം കേരളം, ആദ്യ വിജയം ചെങ്ങന്നൂരില്‍-ഇതായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ബിജെപിയുടെ ഗീര്‍വാണം. കിട്ടാവുന്നതില്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കുകയും ചെയ്തു, അഡ്വ. ശ്രീധരന്‍ പിള്ള. മുസ്്‌ലിം സംഘനകളുടെ നോമ്പ് തുറകളിലെയും സൗഹാര്‍ദ്ദ പരിപാടികളിയും  സജീവ സാന്നിധ്യമായ പിള്ളയോട് ന്യൂനപക്ഷങ്ങള്‍ക്കും വലിയ വിരോധമുണ്ടാവില്ലെന്ന് ബിജെപി മനക്കോട്ട കെട്ടിക്കാണണം.

റിസള്‍ട്ട് വന്നപ്പോള്‍ ചെങ്ങന്നൂര്‍ ജനത താമരയുടെ തണ്ടൊടിച്ച് വിടുന്നതാണ് കണ്ടത്. കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ പോലും ഇക്കുറി ശ്രീധരന്‍പിള്ളയ്ക്ക നേടാനായില്ല. ആകെ 35,270 വോട്ടാണ് ജയിക്കുമെന്ന് അവകാശപ്പെട്ട ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത്. ജയിച്ച സ്ഥാനാര്‍ഥിയുടെ പകുതിയോളം വോട്ട് മാത്രം. കഴിഞ്ഞ തവണ 42,000 വോട്ടാണ് ഇവിടെ മല്‍സരിച്ച പിള്ളയ്ക്ക്് കിട്ടിയത്. ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിന് ന്യായീകരണം കണ്ടെത്താന്‍ ബിജെപി അല്‍പ്പം വിയര്‍ക്കേണ്ടി വരും.

വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയുടെ കേരളത്തിലെ നായകന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കി മിസോറാമിലേക്ക് തട്ടിയത്. അതുകൊണ്ട് തന്നെ യുദ്ധത്തില്‍ തോറ്റതിന്റെ പഴി കേള്‍ക്കാതെ തല്‍ക്കാലം കുമ്മനത്തിന് രക്ഷപ്പെടാം. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് പറഞ്ഞു കേള്‍ക്കുന്ന എം ടി രമേശിനായിരുന്നു ചെങ്ങന്നൂരിന്റെ ചുമതല.

മണ്ഡലത്തില്‍ വലിയ സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത ബിഡിജെഎസ് പിന്തുണ നഷ്ടപ്പെട്ടതാണ് വോട്ട് കുറയാന്‍ കാരണമെന്ന് പറഞ്ഞ് ബിജെപിക്ക് തല്‍ക്കാലം പിടിച്ചുനില്‍ക്കാം. കര്‍ണാടകയില്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അധികാരത്തിലേറാന്‍ സാധിക്കാത്തതിന്റെ ക്ഷീണത്തിലിരിക്കുന്ന ബിജെപിക്ക് ചെങ്ങുന്നൂരില്‍ കിട്ടിയത് ഇരുട്ടടിയാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ദക്ഷിണേന്ത്യയിലേക്ക് അത്ര എളുപ്പം കയറ്റുമതി ചെയ്യാനാവില്ലെന്ന് തന്നെയാണ് ഫലം തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it