Pathanamthitta local

ചെങ്ങന്നൂര്‍ ജോയിജോണ്‍ കൊലപാതകത്തിന് ഇന്ന് ഒരുവര്‍ഷം



എ ജയകുമാര്‍

ചെങ്ങന്നൂര്‍: അന്തര്‍ദേശീയ കുപ്രസിദ്ധി നേടിയ ചെങ്ങന്നൂര്‍ ജോയിജോണ്‍ കൊലപാതകത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. അമേരിക്കല്‍ മലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ ജോയി ജോണിനെ മകന്‍ വെടിവച്ച് കൊന്ന് തുണ്ടമാക്കിയ കേസില്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.ആഡംബരക്കാര്‍ നന്നാക്കാനായി തിരുവനന്തപുരത്ത് പോയി മടങ്ങിയ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍വീട്ടില്‍ ജോയിജോണും മകന്‍ ഷെറിനും സ്വത്ത് സംബന്ധിച്ച് തര്‍ക്കം നടക്കുകയും മുളക്കുഴ കൂരിക്കടവ് പാലത്തിനു സമീപം വച്ച് കൈവശം സൂക്ഷിച്ച തോക്ക് ഉപയോഗിച്ച് അച്ഛനെ മകന്‍ വടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയില്‍ ഉള്ള ഉഴത്തില്‍ ബില്‍ഡിങ്‌സിന്റെ ഗോഡൗണില്‍ എത്തിച്ച് കത്തിച്ച ശേഷം മൃതദേഹം വെട്ടിമുറിച്ച് ശരീരഭാഗങ്ങള്‍ ചാക്കിലാക്കി കാറില്‍ പമ്പാനദിയിലും കോട്ടയം, ആലപ്പുഴ, പത്തംനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ തള്ളുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവിരങ്ങള്‍ അനുസരിച്ച് ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലിസ് അടുത്തടുത്ത ദിവസങ്ങളില്‍ കണ്ടെടുക്കുകയും ചെയ്തു. വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിന്റെ തിരോധാനം മണിക്കൂറുകള്‍ക്കുള്ളില്‍ കൊലപാതകമാണന്ന് കണ്ടെത്തുകയും തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുകയും ആറ് കഷണങ്ങളാക്കിയ ശരീഭാഗങ്ങള്‍ കണ്ടെടുക്കുകയും ചെയ്ത ചെങ്ങന്നൂര്‍ പോലിസിന്റെ അന്വേഷണം പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ മെയ് 26നാണ് ഭര്‍ത്താവിനെയും മകനെയും കാണാനില്ലെന്നും സംശയിക്കാവുന്ന രീതിയില്‍ മകന്‍ തന്നെ ഫോണില്‍ വിളിച്ചെന്നും കാട്ടി ജോയി ജോണിന്റെ ഭാര്യ മറിയാമ്മ പോലിസില്‍ പരാതി നല്‍കുന്നത്.തുടര്‍ന്ന് ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ളയുടെയും സിഐമാരായ ജി അജയനാഥ്, ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജോയിയുടെ തിരോധാനത്തിലെ അപകടം മണത്ത പോലീസ് ചെങ്ങന്നൂരിലെ ജോയിയുടെ സ്ഥാപനത്തിന്റെ ഗോഡൗണ്‍ പരിശോധിച്ചു. കത്തിക്കരിഞ്ഞ മാംസ അവശിഷ്ടവും രക്തവും ജോയിയുടെ ഒരു ചെരുപ്പും ലഭിച്ചതോടെ കൊലപാതകമാണന്ന പോലിസ് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെറിനുവേണ്ടിയുള്ള അന്വേഷണത്തിനൊടുവില്‍ 28ന് കോട്ടയം ടിബി റോഡിനു സമീപമുള്ള ഹോട്ടലില്‍ നിന്ന് ഷെറിനെ പിടികൂടുകയായിരുന്നു. പിതാവിനെ വെടിവച്ചു കൊന്നശേഷം കത്തിച്ച് അവശിഷ്ടം പുഴയിലൊഴുക്കി എന്നാണ് പോലിസിനോട് ആദ്യം ഷെറിന്‍ പറഞ്ഞത്. പിന്നീട് മാറിമാറി പറയുന്ന മൊഴികള്‍ പോലിസിനെ കുഴക്കിയിരുന്നു. നദിയില്‍ നടത്തിയ തിരച്ചിലില്‍ 29ന് പമ്പാനദിയില്‍ പാണ്ടനാട് ഇടക്കടവിന് സമീപത്തു നിന്ന് ജോയിയുടെ ഇടതുകൈ പോലിസ് കണ്ടെടുത്തത് കേസിന് വഴിത്തിരിവായി. സമയപരിധിക്കുള്ളില്‍ ജോയിജോണ്‍ കൊലപാതക കേസ് ചുരുളഴിച്ച 31 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി ലഭിക്കുകയും ചെയ്തിരുന്നു. കേസന്വേഷണത്തില്‍ നേരിട്ട് പങ്കാളികളായ പോലിസ് ഉദ്യോഗസ്ഥരായ ഡിവൈഎസ്പി വരെയുള്ള 31 പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
Next Story

RELATED STORIES

Share it